കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നതായി വിവരം.
കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി ചൈനയില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ആണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു കൊണ്ടിരുന്നത്.
ഇതോടെ ചൈനയിലെ ജനജീവിതവും ബിസിനസുകളും പടിപടിയായി പഴയ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
അധികം താമസിക്കാതെ തന്നെ വൈറസില്‍ നിന്ന് പൂര്‍ണ വിമുക്തരാകാമെന്ന പ്രത്യാശയിലായിരുന്നു ചൈനീസ് ഗവണ്മെന്റ്.
എന്നാല്‍ ഈ പ്രതീക്ഷകളെ അപ്പാടെ തകിടം മറിച്ചു കൊണ്ടാണ് ഇപ്പോള്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്.
ഞായറാഴ്ച മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. ഈ 39 കേസുകളില്‍ 38 എണ്ണവും ചൈനയ്ക്ക് പുറത്തുനിന്ന് രോഗം ബാധിച്ചവരാണ്.
പ്രാദേശികമായി രോഗം പകര്‍ന്ന ഒരാള്‍ ഗ്വാങ്ഡോങ് പ്രവിശ്യയിലെ താമസക്കാരനാണ്.
രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്ത വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ധനയാണ് മറ്റൊരു ആശങ്കപ്പെടുത്തുന്ന കാര്യം.
രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും എന്നാല്‍ വൈറസ് ശരീരത്തില്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇപ്പോള്‍ 78 ആണ്. ഞായറാഴ്ച വരെ ഇത് 47 ആയിരുന്നു.
രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കുന്നത് അപകടകരമായ അവസ്ഥയാണ്.
പുറത്തുനിന്ന് വൈറസ് ബാധയേറ്റ് എത്തുന്നവര്‍, രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുന്നവര്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാമെന്നതാണ് ചൈനയെ ഭയപ്പെടുത്തുന്നത്.
രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ആവശ്യുപ്പെട്ടിട്ടുണ്ട്. കൂടാതെ വിദേശത്തുനിന്ന് ചൈനയിലേക്കെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.
ഇപ്പോഴത്തെ കണക്കനുസരിച്ച് 81,708 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 3,331 പേര് മരിച്ചു.
രോഗവ്യാപനത്തിന്റെ തോത് ആദ്യനാളുകളെ അേപക്ഷിച്ച് കുറവാണെങ്കിലും ഇപ്പോഴും പുതിയ കേസുകള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നത് ചൈനയുടെ കൊറോണ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.