ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ പൊറത്തിശേരി പഞ്ചായത്ത് പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ നഗരം വിജനമായി. ടൗണിലും വാഹനങ്ങളും ആളുകളും കുറവാണ്.
കോടതി സമുച്ചയം ഉൾപ്പെടെയുള്ള മിനി സിവിൽ സ്റ്റേഷനിൽ മൂന്നിൽ ഒരു ഭാഗം ജീവനക്കാർ മാത്രമാണു ഹാജരായത്. നഗരസഭയുടെ 20 വാർഡുകളിൽ ആരോഗ്യവകുപ്പും പോലീസും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട നഗരസഭയുടെ വടക്കൻ മേഖലയിലെ 19 വാർഡുകൾ ഉൾപ്പെടുന്ന പഴയ പൊറത്തിശേരി പഞ്ചായത്തു പ്രദേശങ്ങളാണു കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേഖലലയിലേക്ക് അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുന്നുള്ളൂ.
എല്ലായിടത്തും പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ ലയണ്‍സ് വാർഡിനു പുറമേ സമീപത്തെ സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ് കോവിഡ് രോഗികളുടെ പരിചരണത്തിനായി സജ്ജമാക്കി.
നിലവിലെ 17 രോഗികൾ ലയണ്‍സ് വാർഡിലാണ് കഴിയുന്നത്. പുതിയതായി സജ്ജമാക്കിയ വാർഡിൽ 30 രോഗികൾക്കു കൂടി സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്നലെ ജനറൽ ആശുപത്രിയിൽ തിരക്കു വളരെ കുറവായിരുന്നു. സാധാരണ ദിവസങ്ങളിൽ ഒപി വിഭാഗത്തിൽ 800 ഓളം രോഗികൾ വരാറുള്ളിടത്ത് ഇന്നലെ എത്തിയത് ഇരുന്നൂറിൽ താഴെ പേർ മാത്രം.