പത്തനംതിട്ട: ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൂടുതല്‍ പേരുടെ സ്രവപരിശോധനയ്ക്ക് ആരോഗ്യവകുപ്പ്. രോഗവ്യാപനം കൂടുതലായി രേഖപ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്നെത്തിയവരിലാണ് പരിശോധന.
ഡല്‍ഹിയില്‍ നിന്നെത്തി 18 ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കുകയും പ്രത്യക്ഷ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്ത പന്തളം സ്വദേശിയായ 19കാരിക്ക്് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കുന്നത്.
ജില്ലയില്‍ നിലവില്‍ 7000 ഓളം ആളുകള്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വീട്ടിൽ 14 മുതല്‍ 28 ദിവസമായിരുന്നു ഇവരുടെ ക്വാറന്റൈന്. കഴിഞ്ഞദിവസം എല്ലാവരും 28 ദിവസം തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരില്‍ മാത്രമാണ് സ്രവ പരിശോധന നടത്തിയിരുന്നത്. എന്നാല്‍ രാജ്യത്തെ ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്നെത്തിയവരില്‍ പരിശോധന വേണമെന്ന നിര്ദേശമുണ്ടായതിനേ തുടര്‍ന്നാണ് പന്തളം സ്വദേശിനിയില്‍ പരിശോധന നടന്നത്.
ഇത് പോസിറ്റീവായത് ജാഗ്രത വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഡിഎംഒ ഡോ.എ.എല്‍. ഷീജ രാഷ്ട്രദീപികയോടു പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്നും ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ മേയ് വരെ നമ്മള് ഏറെ ശ്രദ്ധിക്കേണ്ടിവരുമെന്നുമാണ് ഡിഎംഒയുടെ നിലപാട്.
രോഗലക്ഷണങ്ങളില്ലാത്തവരില്‍ പോസിറ്റീവ് സ്ഥിരീകരണം കൂടുതല്‍ പ്രശ്നങ്ങളിലേക്കു വഴിവയ്ക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് കാണുന്നത്. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ മടക്കയാത്രയില്‍ ഒപ്പമുണ്ടായിരുന്നവരും നിരീക്ഷണപട്ടികയിലാണ്.
ഇതനുസരിച്ച് മാര്‍ച്ച് 13നും 20നും ഇടയില്‍ 1191 പേര് പത്തനംതിട്ടയില്‍ തന്നെ ഡല്‍ഹി, നിസാമുദ്ദീന്‍ മേഖലകളില്‍ നിന്ന് തിരിച്ചെത്തിയിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനി കഴിഞ്ഞ മാര്‍ച്ച് 15ന് ന്യൂഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ കോച്ച് നമ്പര്‍ 9, സീറ്റ് നമ്പര്‍ 55/56 ല്‍ യാത്ര തിരിച്ചയാളാണ്.
17 ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശബരി എക്പ്രസ് ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറി 4.45ന് ചെങ്ങന്നൂരില്‍ എത്തി. ചെങ്ങന്നൂര്‍ -പന്തളം കെ എസ് ആര് ടി സി ബസില്‍ ജില്ലയിലെത്തി.
17 ന് തന്നെ വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. വിദ്യാര്‍ഥിനിയുടെ റൂട്ട് മാപ്പ് തയാറാക്കി പ്രസിദ്ധീകരിച്ചതിനേതുടര്ന്ന് ആറ് പ്രാഥമിക സമ്പര്‍ക്കപട്ടികയിലും മൂന്ന് ദ്വിതീയ സമ്പര്ക്കത്തിലുമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി.