സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായിരിക്കെ ജയിലുകളില്‍ ആശങ്ക. കോവിഡ് മാനദണ്ഡ പ്രകാരം തടവുകാരെ താമസിപ്പിക്കുന്നതിനും മറ്റുമുള്ള അസൗകര്യങ്ങളാണ് ജയില്‍ വകുപ്പിനെ പ്രതിരോധത്തിലാക്കുന്നത്.
രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പോലീസ് പിടികൂടുന്ന കേസുകളിലെ തടവുകാരെ ജയിലിലേക്ക് അയയ്ക്കുന്നതില്‍ നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കാനാണ് ജയില്‍വകുപ്പ് തീരുമാനിച്ചത്. സിജെഎം, സെഷന്‍സ് കോടതികളില്‍ ഇതുസംബന്ധിച്ചുള്ള അപേക്ഷ സമര്‍പ്പിക്കും .
രോഗവ്യാപനം കൂടിയ എറണാകുളത്തും കോഴിക്കോടും ജില്ലാ ജയിലുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജയില്‍ ഡിജിപി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്കും തടവുകാര്‍ക്കും വരും ദിവസങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ഉത്തരമേഖലാ ജയില്‍ ഡിഐജി വിനോദ്കുമാര്‍ അറിയിച്ചു.
മാസ്കും സാനിറ്റൈസറും ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും കൃത്യമായ ഇടവേളകളില്‍ സെല്ലുകളില്‍ പരിശോധന നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.സെല്ലുകളിലുള്ള തടവുകാര്‍ മാസ്ക് ഉപയോഗിക്കണമെന്ന് മുമ്പും നിര്‍ദേശം നല്‍കിയിരുന്നു. ഇത് കാര്യക്ഷമമായി നടപ്പാക്കാന്‍ ജീവനക്കാര്‍ തയാറാവണം .
ജയിലിനോട് ചേര്‍ന്നുള്ള എഫ്എല്‍ടിസികള്‍ വീണ്ടും ആരംഭിക്കുന്നതിനുള്ള നടപടികളും ഊര്‍ജിതമാക്കുന്നുണ്ട്.ലോക്ക്ഡൗണിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഒരുഘട്ടത്തില്‍ ജയിലുകളില്‍ കോവിഡ് പടര്‍ന്നിരുന്നു. ആയിരത്തിലേറെ തടവുകാര്‍ക്കായിരുന്നു കോവിഡ് ബാധിച്ചത്.
കൊല്ലം ജില്ലയിലായിരുന്നു ആദ്യമായി തടവുകാര്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 500 ലേറെ പേര്‍ക്കും വിയ്യൂരിലെ 100 ലേറെ പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.
കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയതോടെയാണ് ജയിലുകളിലെ രോഗവ്യാപനം തടയാന്‍ സാധിച്ചത്. സമാനമായ രീതിയിലുള്ള മുന്‍കരുതലുകളാണ് ഇപ്പോള്‍ ജയിലുകളില്‍ സ്വീകരിച്ചുവരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.