കണ്ണൂർ: ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തി മുങ്ങാമെന്ന് ആരും വിചാരിക്കേണ്ട. നിങ്ങളെ നിരീക്ഷിക്കാൻ ഇവിടെ സദാസമയവും പോലീസുണ്ടാകും.
സംസ്ഥാനത്തിന് അകത്തേക്ക് പ്രവശിക്കണമെങ്കിൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.
എന്നാൽ പലരും ക്വാറന്റൈനിൽ ഇരിക്കാൻ മടച്ചിട്ടും കോവിഡ് ഭീതിമൂലവും രജിസ്റ്റർ ചെയ്യാൻ തയ്യാറാവുന്നില്ല.
ഇന്നലെ മുതൽ ഇവരെ പിടികൂടാൻ റെയിൽവെ സ്റ്റേഷൻ പരിസരത്ത് പോലീസ് കർശന പരിശോധന ആരംഭിച്ചു.
ട്രെയിന്‍മാര്‍ഗം പോകുന്നവര്‍ ടിക്കറ്റുമായി ട്രെയിന്‍ പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരണമെന്നും സർക്കാർ നിർദേശം നൽകിയിരുന്നു.
റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് റെയില്‍വേ ടിക്കറ്റിന്റെ പകര്‍പ്പുമതി. റെയില്‍വേ സ്റ്റേഷനില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ആരോഗ്യ പരിശോധനയ്ക്ക് യാത്രക്കാർ വിധേയരാവണം.
അതേസമയം ഇതരസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് വരുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ വഴി ഡൊമസ്റ്റിക്ക് റിട്ടേണീസ് ഓപ്ഷന് വഴി കേരളത്തിലേക്കുള്ള പാസ് നേടണം.
ഒരേ ടിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അവരില്‍ ഒരാള്‍ ഗ്രൂപ്പ് ലീഡറായി ഗ്രൂപ്പ് രൂപീകരിച്ച് എല്ലാവരുടേയും വിശദാംശങ്ങള്‍ രേഖപ്പെടുത്തി പാസിന് അപേക്ഷ നല്‍കണം.
ഇത്തരത്തിലുള്ള നിർദേശങ്ങൾ പാലിക്കാതെ യാത്രചെയ്യുന്നവരെ പൂട്ടാനാണ് പോലീസ് പരിശോധന ശക്തമാക്കിയത്.