സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് കോവിഡ് പരിശോധന ഫലത്തിന്റെ പോസിറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മറ്റു നഗരങ്ങളിൽ നിന്നുള്ള രോഗികൾക്ക് ആശുപത്രികളിൽ പ്രവേശനം നിഷേധിക്കരുതെന്നും പുതുക്കിയ മാനദണ്ഡങ്ങളിൽ നിർദേശിക്കുന്നു.
ഇതു സംബന്ധിച്ചു നിർദേശം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്.
പുതുക്കിയ നിർദേശങ്ങൾ താഴെപ്പറയുന്നവയാണ്:
=കോവിഡ് ചികിത്സിക്കുന്ന ആശുപത്രികളിൽ പ്രവേശനത്തിന് പോസിറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. വൈറസ് ബാധ സംശയിക്കുന്ന രോഗികളെ കോവിഡ് കെയർ സെന്ററുകളിലെ പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിക്കാം.
= ഒരു കാരണവശാലും ഒരു രോഗിക്കും ചികിത്സ നിഷേധിക്കരുത്. രോഗികൾ മറ്റൊരു നഗരത്തിൽ നിന്നുള്ളവർ ആണെന്ന കാരണത്തിൽ മരുന്നോ ഓക്സിജനോ മറ്റ് അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ചികിത്സയോ നിഷേധിക്കരുത്.
=ആശുപത്രി നിൽക്കുന്ന നഗരത്തിലെ പ്രദേശവാസിയാണ് എന്നു തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന കാരണത്താൽ ഒരു രോഗിക്കും ചികിത്സ നിഷേധിക്കരുത്.
=അടിയന്തര ആവശ്യമുള്ളവരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടത്. കിടത്തി ചികിത്സ ആവശ്യമില്ലാത്ത ആരെയുംതന്നെ ഈ സാഹചര്യത്തിൽ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യരുത്. പുതുക്കിയ ഡിസ്ചാർജ് നയം അനുസരിച്ചായിരിക്കണം രോഗികളെ ഡിസ്ചാർജ് ചെയ്യേണ്ടതും.
=രോഗമുള്ളതായി സംശയിക്കുന്നെങ്കിൽ കോവിഡ് കെയർ സെന്ററുകൾ, ഡെഡിക്കേറ്റഡ് കോവിഡ് ഹെൽത്ത് സെന്ററുകൾ (ഡിസിഎച്ച്സി) എന്നിവിടങ്ങളിൽ പോസിറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവേശിക്കാവുന്നതാണ്.
ഒരുതരത്തിലും ഒരു രോഗിക്കും ചികിത്സ നിഷേധിക്കപ്പെടരുത്. ഓക്സിജനും മറ്റു മരുന്നുകളും ഉറപ്പുവരുത്തണം.