സ്വന്തം ലേഖകൻ
ന്യൂഡൽഹി: വൈറസ് വ്യാപനം ഇതുപോലെ തുടരുകയാണെങ്കിൽ ഇന്ത്യയിൽ ഒരുപക്ഷേ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ.
നൈറ്റ് കർഫ്യൂകളും വാരാന്ത്യ ലോക്ക് ഡൗണുകളും നിലവിലെ കോവിഡ് കുതിപ്പിനെ പിടിച്ചുനിർത്താൻ മതിയാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു നിശ്ചിത കാലത്തേക്കുള്ള ലോക്ക്ഡൗണ്‍ വൈറസ് വ്യാപനം തടയാൻ ഉപകരിക്കുമെന്നാണ് വീണ്ടും ഒരു രാജ്യവ്യാപക ലോക്ക്ഡൗണ്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.
കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ പ്രധാനമായും മൂന്നു ഘട്ടങ്ങളായുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം വിലയിരുത്തി.
ഒന്നാമതായി, ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക. രണ്ടാമതായി, ഫലപ്രദമായ മാർഗങ്ങളിലൂടെ കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുക. മൂന്നാമതായി, വാക്സിൻ വിതരണം ഊർജിതമാക്കുക.
ആളുകൾ തമ്മിൽ അടുത്തിടപഴകുന്നത് ഒഴിവാക്കാൻ സാധിച്ചാൽ തന്നെ വൈറസ് വ്യാപനം ഒരു പരിധിവരെ തടയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ഘട്ടത്തിൽ രാജ്യവ്യാപകമായോ സംസ്ഥാനങ്ങളിലോ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണോ എന്ന് തീരുമാനിക്കേണ്ടത് പൂർണമായും ജനങ്ങളുടെ ജീവൻ മുൻനിർത്തി എടുക്കേണ്ടതാണ്.
ജനങ്ങളുടെ ജീവനെയും അതിജീവനത്തെയും മുൻനിർത്തി വേണം ഇത്തരം തീരുമാനങ്ങളിലേക്ക് കടക്കേണ്ടത്. ദിവസവേതനക്കാർ ഉൾപ്പടെയുള്ളവരുടെ അതിജീവനം കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വാരാന്ത്യ ലോക്ക്ഡൗണുകളോ നൈറ്റ് കർഫ്യൂകളോ കോവിഡ് വ്യാപനത്തെ ഒരു തരത്തിലും പിടിച്ചുനിർത്താൻ ഉതകുന്ന നിയന്ത്രണമാർഗങ്ങളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണിനെക്കുറിച്ച് പറയുകയാണെങ്കിൽ തന്നെ അതു ചുരുങ്ങിയത് രണ്ടാഴ്ചക്കാലത്തേക്ക് എങ്കിലും ആവശ്യമായി വരും.
പിന്നീട് രോഗ വ്യാപനം കുറയുന്ന നിരക്കിൽ ഇളവുകൾ ഏർപ്പെടുത്താവുന്നതാണ്. കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാനാകില്ല.
ആളുകൾക്ക് എത്രയും പെട്ടെന്ന് വാക്സിൻ നൽകി പ്രതിരോധ ശേഷി കൂട്ടാം. അതിന് ശേഷം വൈറസിന് വരുന്ന മാറ്റം നിരീക്ഷിക്കേണ്ടതുണ്ട്.
ഈ പ്രതിരോധത്തെയും മറികടന്ന് വൈറസ് വീണ്ടും വ്യാപിക്കുകയാണെങ്കിൽ അത് തീർച്ചയായും മൂന്നാം തരംഗത്തിലേക്കു വഴിതെളിച്ചേക്കാമെന്ന് എയിംസ് മേധാവി ചൂണ്ടിക്കാട്ടി.