ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോവിഡ് മഹാമാരി ദേശീയ ദുരന്തമാകുന്പോൾ മൂകസാക്ഷിയായി ഇരിക്കാനാകില്ലെന്ന് സുപ്രീംകോടതി. എന്നാൽ, കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതികളിലെ നടപടികൾ തടയില്ലെന്നു പരമോന്നത കോടതി വ്യക്തമാക്കി.
കോവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നതിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ പിന്നെ എപ്പോഴാണു ഡ്രഗ്സ് കണ്ട്രോൾ നിയമം അനുസരിച്ചുള്ള അധികാരം ഉപയോഗിക്കുകയെന്നും കോടതി ചോദിച്ചു.
കോവിഡ് വാക്സിനു വ്യത്യസ്ത വിലകൾ തീരുമാനിച്ചതിലെ യുക്തി എന്തെന്നുകൂടി സത്യവാങ്മൂലത്തിൽ അറിയിക്കണമെന്നു കേന്ദ്രസർക്കാരിനോടു ജസ്റ്റീസ് വൈ.ബി. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങൾക്കു വാക്സിനും ഓക്സിജനും വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമവും രീതികളും വിശദീകരിക്കണമെന്നും കേന്ദ്രത്തോടു കോടതി നിർദേശിച്ചു.
ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരും അടങ്ങിയതാണ് ബെഞ്ച്.
സ്വതന്ത്ര ഇന്ത്യയിലെ 73 വർഷവും കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ള വാക്സിൻ വില ഒന്നായിരുന്നുവെന്നു പശ്ചിമബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധം, ചികിത്സ, കുത്തിവയ്പ് എന്നിവയ്ക്കുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് നാളെ വൈകുന്നേരം ആറിനു മുന്പ് സുപ്രീംകോടതിയിൽ മറുപടി നൽകണമെന്നു സംസ്ഥാന സർക്കാരുകളോടും കോടതി ആവശ്യപ്പെട്ടു.
ഹൈക്കോടതികളിലെ കേസുകളിൽ സുപ്രീംകോടതി ഇടപെടില്ല. ഹൈക്കോടതികളെ സഹായിക്കുന്ന നടപടികളുണ്ടാകും.
ഓക്സിജൻ, വാക്സിൻ, മരുന്നുകൾ അടക്കം അവശ്യസാധാനങ്ങളുടെ വിതരണവും കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള “ദേശീയ പദ്ധതി’യും കേന്ദ്രസർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നുവെന്നു കഴിഞ്ഞ വ്യാഴാഴ്ച സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞിരുന്നു.
എന്നാൽ, ഇന്നലെ കേസ് പരിഗണിച്ചപ്പോഴും ഇത്തരമൊരു ദേശീയ പദ്ധതി കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ചില്ല.
കോവിഡുമായി ബന്ധപ്പെട്ടു സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറിയായി പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയെ അന്നത്തെ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ നിയമിച്ചിരുന്നു.
എന്നാൽ, സഹപാഠിയായ സാൽവേയെ വിരമിക്കുന്നതിന്റെ തലേന്നുചീഫ് ജസ്റ്റീസ് നിയമിച്ചതു വിവാദമായതോടെ സാൽവെ പിന്മാറി.
ഇതേത്തുടർന്നു മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ അമിക്കസ് ക്യൂറിമാരായി കോടതി നിയമിച്ചു.