പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: അപ്രത്യക്ഷമായ കൈത്തൊഴിൽ മേഖലയെ കൊറോണക്കാലം വീണ്ടും പുനരുജ്ജീവിപ്പിച്ചു. ഒരു കാലത്ത് എല്ലാ മുറുക്കാൻ – ചെറുകിട കടകളിൽ സജീവമായിരുന്ന ബീഡി തെറുപ്പാണ് ഇപ്പോൾ വീടുകളിൽ സ്വയം തൊഴിലായി സജീവമായിരിക്കുന്നത്. മുമ്പ് കടകളിലെ സ്ഥിരം കാഴ്ചയായിരുന്നു ബീഡി തെറുപ്പ്.
ബീഡി കമ്പനികളുടെ കടന്നുകയറ്റവും കുറഞ്ഞകൂലിയും ഒരേയിരുപ്പിലിരുന്ന് ചെയ്യുന്ന ജോലിയായതിനാൽ ബീഡി തെറുപ്പുകാരുടെ ആരോഗ്യ പ്രശ്നങ്ങളും മൂലം ഈ രംഗത്ത് നിന്നും ജോലിക്കാർ സ്വയം പിന്മാറുകയായിരുന്നു.
പുതിയ തലമുറ ഈ രംഗത്തേയ്ക്ക് വരാൻ തയാറായതുമില്ല. കുറഞ്ഞകൂലിയും ബീഡി തെറുപ്പു കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമാണ് പരമ്പരാഗതമായ ഈ കൈത്തൊഴിൽ മേഖലയെ തകർത്തത്.
ലോക്ക് ഡൗണും, ചെയ്തു കൊണ്ടിരുന്ന തൊഴിൽ നഷ്ടമായതും ഇപ്പോൾ സ്വയം തൊഴിലായി ബീഡി തെറുപ്പിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലായതിനാൽ കിട്ടുന്നത് തുച്ഛമായ വരുമാനമാണെങ്കിലും നിത്യനിദാന ചെലവുകൾക്ക് ഇത് പ്രയോജനപ്പെടുന്നു. മാത്രമല്ല തൊഴിൽ ചെയ്യുന്നതിന്റെ സംതൃപ്തിയും അടച്ചു പൂട്ടലിന്റെ വിരസതയിൽ നിന്നും ആശ്വാസവും ലഭിക്കുന്നു.
മുമ്പ് ചെയ്തു കൊണ്ടിരുന്ന തൊഴിലിനെക്കാൾ വീട്ടിലിരുന്ന് കൂടുതൽ വരുമാനം നേടാൻ കഴിയുന്നതായി ലോട്ടറി വില്പനക്കാരനു വികലാംഗനമായ കോയിപ്പാട് പ്രകാശ് മന്ദിരത്തിൽ ബി.പ്രകാശ് സാക്ഷ്യപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് നല്കിയ മുച്ചക്ര സ്കൂട്ടറിലായിരുന്നു പ്രകാശ് കറങ്ങി നടന്ന് ലോട്ടറി ടിക്കറ്റ് വിറ്റിരുന്നത്. പ്രതിദിനം 85-ഓളം ടിക്കറ്റുകൾ വില്ക്കുമായിരുന്നു. 450 രൂപയോളം കിട്ടുമായിരുന്നു. വണ്ടിയുടെ ചിലവും സ്വന്തം ചിലവും കഴിഞ്ഞാൽ 300-350 രൂപയോളമാണ് വീട്ടിലെത്തിക്കാൻ കഴിഞ്ഞിരുന്നത് .
ഭാര്യയും രണ്ട് മക്കളുമുള്ള പ്രകാശിന്റെ ജീവിതം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ലോട്ടറി കച്ചവടം ഇല്ലാതായതോടെയാണ് ബീഡി തെറുപ്പിലേക്ക് തിരിഞ്ഞത്. ദിവസവും ആയിരത്തോളം ബീഡി തെറുക്കും. അത്രത്തോളം രൂപ കിട്ടും. ബീഡിയില, സുക്ക, നൂൽ തുടങ്ങിയ അസംസ്കൃത വസ്തുക്കൾക്ക് 350 രൂപയോളമാകും.
വീട്ടിന് പുറത്തേക്ക് പോകേണ്ടതില്ലാത്തതിനാൽ വ്യക്തിപരമായ ചിലവും തുച്ഛമാണ്. പ്രതിദിനം 500-600 രൂപ വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ട് എന്ന് പ്രകാശ്. മുമ്പ് പഠിച്ചിരുന്ന തൊഴിലാണെങ്കിലും ചെയ്യാതിരുന്നതിനാൽ വിരലുകൾക്ക് വേഗത കിട്ടുന്നില്ലെന്ന വിഷമമാണ് ഈ തൊഴിലാളിക്ക്.
പ്രകാശിനെപ്പോലെ വിവിധ തൊഴിലുകൾ ചെയ്തിരുന്നവരും തൊഴിൽ നഷ്ടമായപ്പോൾ ബീഡി തെറുപ്പിൽ തൊഴിൽ കണ്ടെത്തി. അടച്ചുപൂട്ടൽ കാലമായതിനാൽ കടകളിൽ ബീഡിയും സിഗററ്റുകളും കിട്ടാനില്ലാതായി. കരിച്ചന്തക്കാർ സിഗററ്റിന് അമിത വിലയും വാങ്ങിക്കുന്നുണ്ട്.
ബീഡി കിട്ടാതെ വലയുന്ന സാധാരണക്കാർക്കും മറ്റുള്ളവർക്കും തെറ്റുപ്പ് ബീഡി ആശ്വാസകരമാണ്. ബീഡി തെറുപ്പുകാരുടെ വീടുകളിലെത്തി ഇത്തരക്കാർ ബീഡി വാങ്ങുന്നതിനാൽ വിപണി കണ്ടെത്തുക എന്ന പ്രയാസവുമില്ല. ബീഡി കിട്ടുന്നതിനാൽ പുകവലി പ്രേമികൾക്ക് സന്തോഷവും.