തിരുവല്ല: ഒരുമാസമായി പോലീസ് തേടി നടന്ന പോക്സോ കേസ് പ്രതിയെ കോവിഡ് കുടുക്കി. ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി ക്വാറന്റൈനിലാക്കി.
ഒളിവിലായിരുന്ന ഇയാള്‍ക്ക് കോവിഡ് ഉണ്ടെന്നു തിരിച്ചറിഞ്ഞതോടെ ആരോഗ്യവകുപ്പ് ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തി.
മദ്യപാനം ചോദ്യം ചെയ്തതിനു ചെറുമകളെ വെട്ടിപരിക്കേല്പിച്ച കേസിലെ പ്രതിയെയാണ് കൊറോണ കുരുക്കിയത്. നെടുമ്പ്രം കോച്ചാരി മുക്കം പടിഞ്ഞാറ്റതില്‍ കമലാസനനാണ് (76) കുടുങ്ങിയത്.
കോവിഡ് സ്ഥിരീകരിച്ച കോച്ചിരിമുക്കത്തെ മത്സ്യ വ്യാപാരിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കമലാസനന്റെ സ്രവം കഴിഞ്ഞയാഴ്ച പരിശോധയക്കായി എടുത്തിരുന്നു.
പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാളെ ഞായറാഴ്ച വൈകുന്നേരത്തോടെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
ഇയാളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ 12 പേരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധന വരും ദിവസങ്ങളില്‍ നടത്തുമെന്ന് നെടുമ്പ്രം പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്ലസ് ടു വിദ്യാര്‍ഥിനിയായ കൊച്ചു മകളെയാണ് കമലാസനന് വെട്ടിപ്പരിക്കേല്പിച്ചത്. പിതാവ് മരിച്ചു പോയ പെണ്‍കുട്ടിയും മാതാവും മുത്തച്ഛനായ കമലാസനും മുത്തശിയുമാണ് വീട്ടില്‍ താമസം.
കൂട്ടുകാരുമൊത്ത് കമലാസനന് വീട്ടില്‍ നടത്തുന്ന മദ്യപാനം പെണ്‍കുട്ടിയും മാതാവ് അമ്പിളിയും പലതവണ എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് പുറത്തുപോയ സമയത്ത് കമലാസനന് കൂട്ടുകാരുമൊത്ത് മദ്യപിച്ചത്,
മടങ്ങിയെത്തിയ മാതാവിനോടു പറഞ്ഞതിനേ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. അമ്പിളിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോൾ തടഞ്ഞ പേരക്കുട്ടിയുടെ കൈകള്‍ക്ക് വെട്ടേല്‍ക്കുകയായിരുന്നു.
ഇരു കൈകള്‍ക്കും സാരമായി പരിക്കേറ്റ കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ കമലാസനനെ പ്രതിയാക്കി ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്ന സമയത്ത് കമലാസനനെ അറസ്റ്റ് ചെയ്യുമെന്ന് തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന് പറഞ്ഞു.