കൊല്ലം: കല്ലുവാതുക്കലിൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇവർക്ക് നേരിട്ട് സമ്പർക്കമുണ്ടായിരുന്ന ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസ് എന്നിവ അടച്ചേക്കും.
എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് അംഗങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മുന്നോറോളം പേർ ഇവരുടെ സമ്പർക്ക പട്ടികയിലുള്ളത് ഏറെ ആശങ്കയുണർത്തുന്നു. ബന്ധുക്കൾ ഉൾപ്പെടെ 25 പേരുടെ സ്റവം ഇന്നലെ തന്നെ പരിശോധനയ്ക്കയച്ചു.
ജില്ലയില്‍ കല്ലുവാതുക്കലിൽ ഒരു കോവിഡ് പോസിറ്റീവ് കൂടി കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളും പ്രതിരോധപ്രവര്‍ത്തനങ്ങളും ശക്തമാക്കി. ആശങ്കവേണ്ടെന്നും ജാഗ്രത വര്‍ധിപ്പിക്കണമെന്നും കളക്ടര്‍ ബി അബ് ദുല്‍ നാസര്‍ പറഞ്ഞു. പ്രദേശത്തു പനി ലക്ഷണമുള്ളവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും കല്ലുവാതുക്കലില്‍ ജാഗ്രതാ നടപടികള്‍ ഊർജിതമാക്കുമെന്നും കളക്ടര്‍ അറിയിച്ചു .
രോഗം സ്ഥിരീകരിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് യാതൊരു രോഗലക്ഷണങ്ങളുമുണ്ടായിരുന്നില്ല. റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കിയതോടെയാണ് രോഗം കണ്ടെത്താനായത്.പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചു പൂട്ടി. ഇവിടുത്തെ 25 ഓളം ജീവനക്കാരുടെ സ്റവം പരിശോധനക്ക് അയച്ചു.13 പേരുടെ സ്റവം രാവിലെ പരിശോധനയ്ക്ക് എടുത്തു.
ഇളം കുളം സർവീസ് സഹകരണ ബാങ്ക്, നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്, കല്ലുവാതുക്കൽ ജംഗ്ഷനിലെ ഒരു ബേക്കറി, കല്ലുവാതുക്കലിലെ സാമൂഹിക അടുക്കള തുടങ്ങിയവ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നു.പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഉൾപ്പടെ 26 ജീവനക്കാർ നിരീക്ഷണത്തിലാണ്.
കല്ലുവാതുക്കൽ പഞ്ചായത്തിലെ 20 അംഗങ്ങളും നിരീക്ഷണത്തിലാണ്.നേരത്തെ ഹോട്ട്സ്പോട്ടായിരുന്ന കല്ലുവാതുക്കൽ പഞ്ചായത്ത് ദിവസങ്ങൾക്ക് മുമ്പാണ് അതിൽ നിന്ന് മുക്തമായത്.ഇനി ഒരാൾക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചാൽ വീണ്ടും ഹോട്ട്സ്പോട്ട് ആയേക്കും.
ജില്ലയിൽ നിന്നും പരിശോധനയ്ക്കയച്ച 2660 സാമ്പിളുകളിൽ 13 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.ഇതുവരെ 21 2 37 പേർ വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി.1436 പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്.