കോട്ടയം: ഹോം ക്വാറന്റയിനിൽ നിർദേശിച്ച യുവാവിനെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. ഇന്നു രാവിലെ കഞ്ഞിക്കുഴിയിലാണ് സംഭവം. ബംഗളൂരുവിൽ നിന്നെത്തിയ യുവാവിനെ ഹോം ക്വാറന്റയിനിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയിരുന്നു.
എന്നാൽ ഇയാൾ നഗരത്തിലൂടെ ബൈക്കിൽ ചുറ്റിത്തിരിഞ്ഞു നടക്കുകയായിരുന്നു. വാഹന പരിശോധന സമയത്ത് ഇയാളെ പോലീസ് പിടികൂടി. കഴിഞ്ഞ 23നാണ് യുവാവ് ബംഗളൂരുവിൽനിന്നും നാട്ടിലെത്തിയത്.
രണ്ടാഴ്ച ഹോം ക്വാറന്റയിനിൽ കഴിയണമെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതർ നൽകിയ നിർദേശം. ഇന്നു രാവിലെ ഒന്പതോടെ ഇയാൾ നിർദേശം ലംഘിച്ച് വീട്ടിൽനിന്നും പുറത്തി. കഞ്ഞിക്കുഴിയിൽ ഇയാളെ ആദ്യം പോലീസ് തടഞ്ഞു.
അച്ഛനെ വിളിക്കാനായി നഗരത്തിലേക്കു പോകുകയാണെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത് . തിരിച്ചറിയൽ കാർഡും, സത്യവാംഗമൂലവും വേണമെന്നു പറഞ്ഞു പോലീസ് തിരിച്ചയച്ചു. തിരിച്ചറിയൽ കാർഡും സത്യവാംഗ് മൂലവുമായി മടങ്ങിയെത്തിയ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
തിരിച്ചറിയൽ കാർഡ് പരിശോധിച്ചു പോലീസ് കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് ബംഗളൂരുവിൽനിന്നും എത്തിയതാണെന്നു തിരിച്ചറിഞ്ഞത്. ആരോഗ്യവകുപ്പ് അധികൃതരെ വിളിച്ചു വരുത്തി ആംബുലൻസിൽ ഇയാളെ ആശുപത്രിയിലേക്കു മാറ്റി.
ആരോഗ്യ വകുപ്പ് അധികൃതർ തന്നെ ഇയാളെ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി. വീണ്ടും ഹോം ക്വാറന്റയിനിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.