റെനീഷ് മാത്യു
കണ്ണൂർ: ഇതരസംസ്ഥാനങ്ങളിലെ റെഡ്സോണുകളിൽ നിന്ന് ഉൾപ്പെടെ ബസുകളിൽ വരുന്നവർ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ കണ്ണൂർ നഗരത്തിൽ കറങ്ങി നടക്കുന്നു. കണ്ണൂരിൽ ബസിറങ്ങി സമീപ ജില്ലകളിലേക്ക് പോകേണ്ടവരാണ് കണ്ണൂർ നഗരത്തിൽ മണിക്കൂറുകളോളം കറങ്ങി നടക്കുന്നത്.
സമീപ ജില്ലകളിലേക്ക് പോകുവാൻ വാഹനം ഇല്ലാത്തവർ പല വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചു പോകുന്നതും പതിവായിരിക്കുകയാണ്. വാഹനത്തിൽ ലിഫ്റ്റ് കൊടുക്കുന്നവർ ഇവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണെന്ന് അറിയുന്നുമില്ല.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മയ്യിൽ സ്വദേശി ഇതരസംസ്ഥാനത്ത് നിന്ന് കണ്ണൂർ നഗരത്തിൽ ബസിൽ വന്നിറങ്ങി ഓട്ടോയിൽ കയറിയാണ് വീട്ടിലെത്തിയത്. ഓട്ടോയിലുണ്ടായിരുന്ന 60 വയസുകാരിയായ യാത്രക്കാരിയും ഓട്ടോ ഡ്രൈവറും ഇപ്പോൾ നിരീക്ഷണത്തിലാണ്.
കോവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശി കണ്ണൂരിൽ ബസിറങ്ങി വീട്ടിലെത്തിയത് മറ്റൊരു വാഹനത്തിൽ ആണ്. ഈ വാഹനം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇന്നലെ ഉച്ചക്ക് കണ്ണൂരിൽ ബസിറങ്ങിയ ഒരാൾ നാദാപുരത്തേക്ക് ഓട്ടോക്കാരനെ തെറ്റിദ്ധരിപ്പിച്ച് ട്രിപ്പ് പിടിക്കുകയുണ്ടായി. തുടർന്ന് കണ്ണൂർ സ്വദേശിയായ ഓട്ടോക്കാരൻ ചൊക്ലി സ്റ്റേഷനിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ റെഡ് സോണിൽ നിന്ന് വന്ന ആരോഗ്യ പ്രവർത്തക നാട്ടിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോകാൻ വാഹനം കിട്ടാതെ കളക്ടറേറ്റിൽ ചിലവഴിച്ചത് മണിക്കൂറുകളാണ്. റെഡ്സോണിൽ നിന്ന് എത്തുന്നവർ കണ്ണൂർ നഗരത്തിൽ കറങ്ങി നടന്ന് സാധനങ്ങൾ വാങ്ങുന്നതും പതിവാണ്.
പലപ്പോഴും ഇവർക്കായി കണ്ണൂർ ടൗൺ പോലീസാണ് വാഹനം ഏർപ്പാടാക്കി കൊടുക്കുന്നത്. ബസുകളിലും മറ്റ് വാഹനങ്ങളിലും ഇതരസംസ്ഥാനത്ത് നിന്ന് എത്തുന്നവരെ സുരക്ഷിത സ്ഥാനങ്ങളിൽ ഭരണകൂടം എത്തിച്ചില്ലെങ്കിൽ സമൂഹ വ്യാപനത്തിലേക്ക് സ്ഥിതി മാറും.
അർദ്ധരാത്രിയിൽ കണ്ണൂർ നഗരത്തിൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ജില്ലാ ഭരണകൂടം കാര്യമായി ഇടപെട്ടില്ലെങ്കിൽ വൻ ദുരന്തമാണ് കാത്തിരിക്കുന്നത്.
വേണ്ടത് ഇങ്ങനെ
ഇതരസംസ്ഥാനത്ത് നിന്ന് ബസിലോ മറ്റ് വാഹനങ്ങളിലോ കണ്ണൂരിൽ എത്തുന്നവർ പൊതുവായ സുരക്ഷാ കേന്ദ്രത്തിൽ എത്തി റിപ്പോർട്ട് ചെയ്യണം. അവിടെ നിന്നും വേണം ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോകുവാൻ. ഇക്കാര്യം ശ്രദ്ധിക്കേണ്ടത് ഭരണകൂടമാണ്.
സംഭവിക്കുന്നത് ഇങ്ങനെ
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകൾ കണ്ണൂർ നഗരത്തിൽ എത്തി ആളുകളെ ഇറക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ബസിൽ നിന്ന് ഇറങ്ങുന്നവർ നഗരത്തിൽ കറങ്ങി നടക്കുന്നു. ചിലർ കിട്ടുന്ന
വാഹനത്തിൽ വീട്ടിലേക്ക് പോകുന്നു.