കണ്ണൂർ: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നയാൾ നഗരത്തിൽ ചുറ്റിക്കറങ്ങിയതായി പരാതി. കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ ക്വാറന്റൈനിൽ കഴിയുന്ന വിദേശത്തു നിന്നുവന്നയാളാണ് താമസ സ്ഥലത്തു നിന്നും നിരീക്ഷണ കാലയളവ് കഴിയാതെ പുറത്തിറങ്ങിയതത്രെ.
മദ്യവില്പന കേന്ദ്രത്തിൽ എത്തി മദ്യം വാങ്ങി കഴിച്ച് റോഡിലിറങ്ങി നടക്കുകയും ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി വരുകയും ചെയ്തതായി അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ പരാതിപ്പെട്ടു.ഇക്കാര്യം പോലീസിൽ ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ പ്രവാസിയായ തന്നെ ഇവിടെ നിന്നും പറഞ്ഞു വിടാൻ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് ക്വാറന്റൈനിൽ കഴിയുന്ന പ്രവാസി പോലീസിനോട് പറഞ്ഞത്.
മദ്യം വാങ്ങാൻ പുറത്തു പോയിട്ടില്ലെന്നും ബാൽക്കെണിയിൽ നിൽക്കുക മാത്രമാണ് ചെയ്തത്.എന്നാൽ മദ്യപിച്ച് റോഡിൽ ബഹളമുണ്ടാക്കിയതായിട്ടാണ് അയൽവാസികൾ പ്രചരിപ്പിക്കുന്നതെന്നും പ്രവാസി പറഞ്ഞു. എന്തായാലും പോലീസ് ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ക്വാറന്റൈൻ കാലയളവ് ലംഘിച്ച് പുറത്തു ചുറ്റിക്കറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉറവിടം അറിയാത്ത കോവിഡ് രോഗികൾ കൂടി വരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ ക്വാറന്റൈനിൽ കഴിയുന്നയാളുടെ വീടുകളിൽ രാവിലെയും വൈകുന്നേരവും പോലീസെത്തി അന്വേഷണം നടത്തും. മാത്രമല്ല ക്വാറന്റൈനിൽ കഴിയുന്നയാളുടെ മൊബൈൽ ഫോണും സൈബർ സെൽ പരിശോധിക്കുന്നുണ്ട്.
നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നും മാറി നിന്നാലും ഫോൺ ഉപയോഗിക്കാതെ വന്നാലും പോലീസ് നിരീക്ഷണ കേന്ദ്രത്തിൽ എത്തും. കൂടാതെ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങുന്നുണ്ടോയെന്നറിയാൻ പരിസരവാസികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.