കണ്ണൂർ: കണ്ണൂർ മരക്കാർക്കണ്ടിയിൽ വിവാഹത്തിൽ പങ്കെടുത്ത തൊണ്ണൂറ്റാറുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് കോവിഡ് ബാധിച്ചത്. വിവാഹത്തിൽ പങ്കെടുത്ത നാലു പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 30 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു.
കഴിഞ്ഞ ഒന്പതിനാണ് മരക്കാർക്കണ്ടി സ്വദേശിയുടെ വിവാഹം നടന്നത്. വിവാഹത്തിൽ പങ്കെടുത്ത ചിറക്കൽ പഞ്ചായത്തിലെ യുവാവിനും കോഴിക്കോട് സ്വദേശിക്കുമുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിവാഹത്തിൽ പങ്കെടുത്തവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.
മരക്കാർക്കണ്ടി, പുഴാതി, പാപ്പിനിശേരി, കണ്ണൂർ സിറ്റി, കണ്ണൂർ കോർപറേഷൻ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളുമായി 50 ഓളം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.
വിവാഹത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മരക്കാർക്കണ്ടി കണ്ടെയ്ൻമെന്റ് സോണാക്കി. ഇവിടെയുള്ള റോഡുകൾ അടച്ചു. വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
മരക്കാർക്കണ്ടി പോലീസ് സ്റ്റേഷനു സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സിറ്റിയിലും കടകൾ തുറക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. പ്രധാന റോഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.