കണ്ണൂർ: കണ്ണൂർ നഗരത്തിന്റെ പരിസര പ്രദേശങ്ങളിൽ സന്പർക്കത്തിലൂടെ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് സമീപ പ്രദേശങ്ങൾ അടച്ചിട്ടേക്കും.
നിലവിൽ കണ്ണൂർ കോർപറേഷന്റെ 15 മുതൽ 25 വരെ ഡിവിഷനുകളിൽപെട്ട വാരം, വലിയന്നൂർ, ചേലോറ, മാച്ചേരി, പള്ളിപ്പൊയിൽ, കാപ്പാട്, എളയാവൂർ സൗത്ത്, എളയാവൂർ നോർത്ത്, തിലാനൂർ, മുണ്ടയാട് ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്.
സന്പർക്കമൂലം രോഗബാധ റിപ്പോർട്ട് ചെയ്ത ചാലാട്, പടന്നപ്പാലം, ചില്ലിക്കുന്ന്, മണൽ തുടങ്ങിയ സ്ഥലങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പോലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ കോർപറേഷൻ അധികൃതരുമായി ചർച്ച ചെയ്യുന്നുണ്ട്.
കണ്ണൂർ നഗരത്തിൽ കടകളിലെ ആൾക്കൂട്ടത്തിനെതിരേ കർശന നടപടിയുമായി പോലീസ് രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഇന്നലെ നഗരത്തിലെ പത്ത് കടകൾക്കെതിരേ നടപടിയെടുത്തിട്ടുണ്ട്.
നിലവിൽ നടപടിയെടുക്കുന്ന കടകൾ പോലീസ് ഒരു ദിവസത്തേക്കാണ് അടപ്പിക്കുന്നത്. ഇനി ഏഴു ദിവസത്തേക്ക് അടപ്പിക്കാനുള്ള നിയമവശം പരിശോധിക്കുന്നുണ്ട്. കൂടാതെ സ്ഥാപന ഉടമയ്ക്കെതിരേ കേസെടുത്ത് കുറ്റപത്രവും താക്കോലും കോടതിയിൽ ഏല്പിക്കുന്ന കാര്യത്തെക്കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്.
വഴി വാണിഭം നിരോധിച്ചെങ്കിലും ചിലയിടങ്ങളിൽ തുടരുന്നുണ്ട്. തട്ടുകടകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇവയ്ക്കെതിരേ കർശന നടപടിയെടുക്കാൻ പോലീസ് നഗരത്തിലും പരിസരപ്രദേശങ്ങളിലും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
ബാങ്കുകളിൽ സാമൂഹ്യ അകലം പാലിച്ചില്ലെങ്കിൽ മാനേജർക്കെതിരേ കേസെടുക്കാനാണ് പോലീസിന് നിർദേശം ലഭിച്ചിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ ടോക്കൺ സംവിധാനം നടപ്പിലാക്കണമെന്നും നിർദേശമുണ്ട്. അല്ലെങ്കിൽ നടപടിയുണ്ടാകും.