കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം വർധിച്ചതോടെ കണ്ണൂരിലും പ്രാന്തപ്രദേശങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഇന്നലെ രാത്രിയോടെ നിരവധി വാർഡുകൾ അടച്ചു പൂട്ടി.
പാപ്പിനിശേരി പഞ്ചായത്തിലെ 3, 4, 6, 13, 14 വാർഡുകൾ, ചിറക്കൽ പഞ്ചായത്തിലെ 4,5,7,8, 10, 15, 16 വാർഡുകൾ, അഴീക്കോട് പഞ്ചായത്തിലെ ഒന്ന്, 7, 9, 14, 15 വാർഡുകളും വളപട്ടണത്തെ 13-ാം വാർഡുമാണ് അടച്ചത്.ആദ്യമായിട്ടാണ് കണ്ണൂരിന് സമീപമുള്ള പഞ്ചായത്തുകളിൽ ഇത്രയും അധികം വാർഡുകൾ അടച്ചിടുന്നത്.
ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താഴെചൊവ്വ- കാപ്പാട് – ചക്കരക്കൽ റോഡ് ഇന്നലെ വൈകുന്നേരത്തോടെ പോലീസ് അടച്ചു. പനയത്താപറമ്പ് റോഡും അടച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
കണ്ണൂർ നഗരത്തിലും നിയന്ത്രണം കർശനമാക്കി.കണ്ണൂർ യോഗശാല റോഡ് പൂർണമായും അടച്ചു. കക്കാട്, പള്ളിക്കുന്ന്, താണ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. കളക്ടറേറ്റ് ഉൾപ്പെടുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടെയിൻമെന്റ് സോണാക്കി. അഴീക്കോടും സ്ഥിതി ഗുരുതരമാണ് ഇന്നലെ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്.
കൂടുതൽ കടുത്ത നടപടിയുമായി മുന്നോട്ട് പോകേണ്ട സ്ഥിതിയാണ് അഴീക്കോടെന്ന് ആരോഗ്യ വകുപ്പ്. ചാലാട് ചില്ലിക്കുന്നിൽ മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലിക്കുന്ന് ഭാഗങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.
പോക്കറ്റ് റോഡുകളെല്ലാം പോലീസ് അടച്ചു. വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. സമ്പർക്കത്തിലൂടെ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ചിറക്കൽ പഞ്ചായത്തിലും നിയന്ത്രണം കർശനമാക്കി.
ഏഴ് വാർഡുകൾ കണ്ടെയിൻമെന്റ് സോണാക്കി. ചിറക്കൽ, പാലോട്ട് വയൽ സ്വദേശികൾക്കാണ് കോവിഡ് ബാധിച്ചത്.ഈ പ്രദേശങ്ങളിലെ റോഡുകളെല്ലാം അടച്ചു.