സ്വന്തം ലേഖകൻ
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ നഗരത്തിൽ നടക്കുന്ന പ്രകടനവും പൊതുയോഗങ്ങളും നിരോധിക്കാൻ കളക്ടറും പോലീസും.
കണ്ണൂർ ജില്ലയിലെ ടിപിആർ റേറ്റ് കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലും കണ്ണൂർ കോർപറേഷൻ പരിധിയിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലുമാണ് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കാൻ തയാറെടുക്കുന്നത്.
ദിവസേന നാലും അഞ്ചും പ്രകടനങ്ങളും പൊതുയോഗങ്ങളുമാണ് കണ്ണൂർ നഗരം കേന്ദ്രീകരിച്ച് നടക്കുന്നത്. ജില്ലയുടെ പലയിടങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് ഇതിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം ചില സംഘടനകൾ നടത്തിയ പ്രകടനത്തിൽ കുട്ടികളടക്കം പങ്കെടുത്തിരുന്നു. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രകടനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കുന്നില്ല. പ്രകടനത്തിൽ പങ്കെടുക്കുന്ന കുറച്ചു വ്യക്തികളുടെ പേരിൽ മാത്രമാണ് കേസുകൾ എടുക്കുന്നത്.
കോവിഡ് ഒന്നാംതരംഗ സമയത്ത് കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും പ്രകടനങ്ങൾ നിരോധിച്ചു കൊണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചും കളക്ടർ ഉത്തരവിറക്കിയിരുന്നു. സംസ്കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും ആളുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചുണ്ടെങ്കിലും പ്രകടനത്തിലും പൊതുയോഗത്തിലും പരിധിയില്ല.
വ്യാപാരസ്ഥാപനങ്ങളിലെ ചെറിയ ആൾക്കൂട്ടത്തിനു പോലും കേസെടുക്കുന്ന പോലീസിന് രാഷ്ട്രീയക്കാർ സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചുകൾക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും വ്യാപക ആക്ഷേപം ഉണ്ട്.