സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: കോവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ പോലീസും പോലീസ് സ്റ്റേഷനിലെ രീതികളും അടിമുടി മാറുകയാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന നിയമപാലകർ പ്രവർത്തനത്തിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് സ്വയം സുരക്ഷ ഒരുക്കും. ഇതു സംബന്ധിച്ച് ഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.
പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി മുതൽ സ്റ്റേഷനിൽ എത്താതെ തന്നെ നേരിട്ട് ഡ്യൂട്ടിയിലേക്ക് പ്രവേശിക്കാം. പോലീസ് വാഹനങ്ങളിൽ മൂന്നോ നാലോ പേർ മാത്രമാകും യാത്ര ചെയ്യുക. സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം.
ഒരാഴ്ച ഡ്യൂട്ടി നൽകിയിൽ അടുത്ത ആഴ്ച വിശ്രമം എന്ന രീതിയിലായിരിക്കും ഡ്യൂട്ടി സമയം. റോൾ കോൾ, ഷിഫ്റ്റ് മാറ്റം, പരേഡ് എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടാവില്ല. സാധാരണ വാഹന പരിശോധന ഒഴിവാക്കും. എന്നാൽ നിയമ ലംഘകരെ പിടികൂടാൻ ജാഗ്രത പുലർത്തും.
തിരക്കുള്ള ജംഗ്ഷനുകളിൽ മാത്രം ട്രാഫിക്ക് ഡ്യൂട്ടിയുണ്ടാകും. സമരങ്ങളെയും പ്രതിഷേധങ്ങളെയും നേരിടാൻ പിപിഇ കിറ്റ് ധരിച്ച പോലീസായിരിക്കും മുന്നിലുണ്ടാകുക. ഇതിനായി എല്ലാ പ്രധാന പോലീസ് സ്റ്റേഷനുകൾക്കും പിപിഇ കിറ്റ് നൽകി തുടങ്ങി. അത്യാവശ്യങ്ങൾക്ക് മാത്രമേ പോലീസ് ഉദ്യോഗസ്ഥർ ഓഫീസിനു പുറത്തിറങ്ങുകയുള്ളൂ. ജനങ്ങൾക്ക് നേരിട്ട് ഫോൺ വിളിച്ച് കാര്യങ്ങൾ അറിയിക്കാം.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ബന്തവസ് ഡ്യൂട്ടിക്ക് കുറച്ചു പോലീസുകാരെ മാത്രമേ നിയോഗിക്കുകയുള്ളൂ.ഗർഭിണികളായ വനിതാ പോലീസുകാർ ഇനി സ്റ്റേഷനിലെ ജോലി മാത്രമായിരിക്കും.
കംപ്യൂട്ടർ, ഹെൽപ്പ് ഡസ്ക്ക് ചുമതലകളാകും നൽകുക. ജീവിത ശെെലി രോഗമുള്ള 50 വയസിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരെ രോഗ വ്യാപന പ്രദേശങ്ങളിലും തിരക്ക് കൂടിയ സ്ഥലങ്ങളിലും ഡ്യൂട്ടിക്ക് നിയോഗിക്കില്ല. ഇ-മെയിൽ, വാട്ട്സപ്പ്, 112 കോൾ സെൻ്റർ എന്നിവ വഴി പരാതി നൽകാൻ പ്രേരിപ്പിക്കും. പരാതിക്കാർ സ്റ്റേഷനുകളിൽ എത്തുന്നത് നിരുത്സാഹപ്പെടുത്തും.
രാഷ്ട്രീയ പാർട്ടി നേതാക്കളും മറ്റു സ്റ്റേഷനിൽ എത്തി കൂടുതൽ സമയം ചെല വഴിക്കുന്നതിനു പകരം ഫോൺ ചെയ്ത് കാര്യങ്ങൾ അറിയിക്കുന്നതാവും നല്ലതെന്ന് പോലീസ് പറയുന്നു. നിയമ ലംഘനം നടത്തി സമരം ചെയ്യുന്നവരെ സ്റ്റേഷനിൽ എത്തിക്കാതെ സമര കേന്ദ്രത്തിൽ തന്നെ അറസ്റ്റു ചെയ്ത് വിടും.
പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ സ്ഥലപരിമിതി കാരണം അറസ്റ്റു ചെയ്ത് പാർപ്പിക്കാനുള്ള സൗകര്യം കുറവാണ്. മാത്രമല്ല സാമൂഹിക അകലം പാലിക്കാതെ ലോക്കപ്പിൽ കുറ്റവാളികളെ പാർപ്പിക്കാനാവുകയും ഇല്ല. ഇത് പോലീസിനെ കുഴക്കുന്ന കാര്യമാണ്. ഗതാഗത കുരുക്ക് കൂടി വരുന്നതോടെ ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പോലീസ് കാർ വലിയ പ്രയാസത്തിലായി.
മഴ ശക്തി പ്രാപിച്ചതോടെയാണ് ഗതാഗതക്കുരുകഴിക്കാൻ പ്രയാസപ്പെടുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി മുൻകാലങ്ങളിലെന്ന പോലെ എവിടെയും ചെന്നു കയറാനുള്ള സാഹചര്യം ഇല്ല. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കരുതലോടെ മാത്രമേ വിവിധ സ്ഥലങ്ങളിൽ പോകാൻ സാധിക്കുകയുള്ളൂ.
അതു കൊണ്ട് തന്നെ പല കേസുകളുടെയും അന്വേഷണം മന്ദഗതിയിലായിട്ടുണ്ട്. ജീവനുണ്ടെങ്കിലല്ലേ അന്വേഷണം നടത്താനാവൂയെന്നാണ് ഉയർന്ന പോലീസ് ഉദ്യാേഗസ്ഥൻ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സാനിറ്റെസർ, മാസ്ക്ക് എന്നിവ വ്യക്തിപരമായി തന്നെ കരുതണം.
രോഗാണുക്കൾ എളുപ്പത്തിൽ പകരാൻ സാധ്യതയുള്ള വള, മാല, കമ്മൽ തുടങ്ങിയ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. ജ്യാമം ലഭിക്കുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് കാലം മുഴുവനും പുതിയ രീതിയിൽ പ്രവർത്തക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.