പയ്യന്നൂര്‍: കോവിഡ് സമൂഹവ്യാപനം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തികള്‍ അടച്ചു.
കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേശീയപാതയില്‍ കാലിക്കടവ് ഒഴികെയുള്ള അതിര്‍ത്തികള്‍ അടച്ചത്. കണ്ണൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾ കാഞ്ഞങ്ങാട് വരെ മാത്രമെ സർവീസ് നടത്തുന്നുള്ളൂ.
കെഎസ്ആർടിസി ബസുകൾ കാസർഗോഡ് വരെ സർവീസ് നടത്തുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളായ ഒളവറ, തലിച്ചാലം, തട്ടാര്‍കടവ്, കാലിക്കടവ്, ചീമേനി, ചെറുപുഴ, ചിറ്റാരിക്കല്‍,പുളിങ്ങോം തുടങ്ങിയ പത്ത് അതിർത്തികളാണ് അടച്ച് കര്‍ശനപരിശോധന ഏര്‍പ്പെടുത്തിയത്.
ആംബുലന്‍സുകളും അത്യാവശ്യ സര്‍വീസുകളും മാത്രമേ ഇതുവഴി കടത്തിവിടുകയുള്ളു. കൂടാതെ കണ്ണൂര്‍ ജില്ലയിലേക്ക് വാഹനങ്ങള്‍ കടന്നുവരാന്‍ സാധ്യതയുള്ള ഇടറോഡുകള്‍ പോലും പോലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് 31 വരെ ജില്ലാ അതിര്‍ത്തികള്‍ അടച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ക്ക് സര്‍വ്വീസ് നടത്താമെങ്കിലും കണ്ടെയ്മെന്റ് സോണില്‍ നിര്‍ത്താനോ ആളുകളെ കയറ്റാനോ പാടില്ലെന്നാണ് നിര്‍ദേശം.
കണ്ടെയ്മെന്റ് സോണില്‍ ഓട്ടോ, ടാക്സി വാഹനങ്ങളുടെ സ്റ്റാൻഡ് അനുവദിക്കില്ല. ഇതുവഴി ഈ വാഹനങ്ങള്‍ക്ക് ഓടാമെങ്കിലും കൃത്യമായി ഡ്രൈവര്‍ക്കും യാത്രികര്‍ക്കുമിടയില്‍ ഷീല്‍ഡ് വച്ച് വേര്‍തിരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
കോവിഡ് ബാധിതരും ക്വാറന്റൈനിലുള്ളവരും വര്‍ധിച്ചതോടെ ഇവരുടെ നിരീക്ഷണത്തിനായി കൂടുതല്‍ പോലീസിനെ നിയോഗിച്ചിരിക്കുകയാണ്.