കാസര്‍ഗോഡ്: ഈസ്റ്റര്‍ ദിനത്തില്‍ 28 പേര് രോഗമുക്തി നേടിയതോടെ കോവിഡില്‍ നിന്നുള്ള കാസര്‍ഗോഡ് ജില്ലയുടെ തിരിച്ചു നടത്തത്തിന് വേഗമേറി. അതിനുമുമ്പുള്ള മൂന്നു ദിവസങ്ങളില്‍ മാത്രം ജില്ലയില്‍ നിന്നുള്ള 22 പേര് ജില്ലയിലെ വിവിധ ആശുപത്രികളിലും പരിയാരം ഗവ. മെഡിക്കല്‍ കോളജിലും നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിരുന്നു.
ഇതുള്‍പ്പെടെ ഇപ്പോള്‍ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 61 ആയി. ഇനി 105 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അമ്പതു ശതമാനം പേരും വ്യക്തമായും തിരിച്ചുവരവിന്റെ വഴിയിലാണ്.
നാലോ അഞ്ചോ ദിവസത്തിനകം ഒരു പരിശോധനാഫലം കൂടി ലഭിക്കുന്നതോടെ ഇവര്‍ക്കും ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. ഇന്നലെ ജില്ലയില്‍ നിന്ന് ആര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചില്ലെന്നതും മറ്റൊരു ശുഭവാര്‍ത്തയായി.
രോഗം സ്ഥിരീകരിക്കുന്നവരുടെയും പുതുതായി നിരീക്ഷണത്തിലാകുന്നവരുടെയും എണ്ണത്തിലും വ്യക്തമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഒരു ഘട്ടത്തില്‍ സമൂഹവ്യാപനമെന്ന യാഥാര്‍ഥ്യത്തിന്റെ പടിവാതില്‍ വരെയെത്തിയാണ് കാസര്‍ഗോഡിന്റെ വിജയകരമായ തിരിച്ചുനടത്തമെന്നത് ചെറുതല്ലാത്ത നേട്ടമാകുന്നു.
പ്രാഥമിക സമ്പര്ക്കത്തിലൂടെയല്ലാതെ ജില്ലയില്‍ ഒരാള്‍ക്കു പോലും ഇതുവരെ രോഗപ്പകര്‍ച്ച ഉണ്ടായിട്ടില്ല. ലോക്ക്ഡൗണും പോലീസിന്റെ ട്രിബിള്‍ ലോക്കും ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളും ഇതിന് സഹായകമായി.
ജില്ലയില്‍ ഇപ്പോള്‍ 10,374 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 10,126 പേര് വീടുകളിലും 248 പേര് ആശുപത്രികളിലുമാണ് ഉള്ളത്. ഇതുവരെ 2,321 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചത്.
ഇതില്‍ 1,596 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 539 പേരുടെ റിസള്‍ട്ട് ലഭ്യമാകേണ്ടതുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ നാലക്കസംഖ്യയിലേക്ക് താഴുമെന്നാണ് കണക്കുകൂട്ടല്‍.
രണ്ടു ദിവസത്തിനകം 36 പേരാണ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്. രാജ്യത്ത് തന്നെ ഒരു ആശുപത്രിയില്‍ നിന്ന് ഇത്രയധികം പേര് രോഗമുക്തി നേടുന്നത് ഇതാദ്യമായിട്ടാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
37 ശതമാനമാണ് റിക്കവറി റേറ്റ്. അമേരിക്കയില്‍ ഇത് 5.7 ശതമാനവും ഇന്ത്യയിലൊട്ടാകെ 11.4 ശതമാനവും ആണ്. ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, സ്പെഷ്യല്‍ ഓഫീസര്‍, ജില്ലാ ഭരണകൂടം, പോലീസ് സംവിധാനം, നിര്‍ദേശങ്ങള്‍ അനുസരിച്ച പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ചിക്കന്‍ ഗുനിയയും ഡെങ്കിപ്പനിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നപ്പോള്‍ പ്രവര്‍ത്തിച്ചു വിജയിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും കോവിഡിനെതിരായ യുദ്ധമുഖത്തിറങ്ങിയത്.