കണ്ണൂർ: കോവിഡ്-19 തുമായി ബന്ധപ്പെട്ടു ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ കൂടി കാസർഗോഡ് രോഗവിമുക്തരായതോടെ ഇനി ജില്ലയില്‍ ചികിത്സയില്‍ ഒരാള്‍മാത്രം. ഉക്കിനടുക്ക കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരാണ് ഇന്നലെ രോഗമുക്തരായത്.
കോവിഡ് രോഗബാധിതരായ ചെമ്മനാട് പഞ്ചായത്തിലെ 29 കാരനും ചെങ്കള പഞ്ചായത്തിലെ 38 വയസുള്ള സ്ത്രീയുമാണ് രോഗമുക്തി നേടിയത്. സമ്പര്‍ക്കത്തിലൂടെയാണ് ഇരുവര്‍ക്കും രോഗം ബാധിച്ചത്. ഉക്കിനടുക്ക മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയിലാണ് അവശേഷിക്കുന്ന ഒരാള്‍ ചികിത്സയിലുള്ളത്.
ഇതുവരെയായി ജില്ലയില്‍ 177 രോഗികളാണ് കോവിഡ് രോഗവിമുക്തരായത്. വീടുകളില്‍ 947 പേരും ആശുപത്രികളില്‍ 29 പേരുമുള്‍പ്പെടെ ആകെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 976 പേരാണ്. 227 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
പുതിയതായി19 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 62 പേര് ഇന്നലെ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. കണ്ണൂര്‍ ജില്ലയിൽ നാല് പേര്‍കൂടി കോവിഡ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങി.
അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 കെയർ സെന്ററിൽ ചികിത്സയിലായിരുന്ന കുന്നോത്തുപറമ്പ്, മൊകേരി, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി സ്വദേശികളാണ് ആശുപത്രി വിട്ടത്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 103 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ബാക്കി 15 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയിൽ 96 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.