തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുന്നതു മൂലം രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളിലെത്താൻ സാധ്യതയുണ്ടെന്ന സൂചന നൽകി ആരോഗ്യ വിദഗ്ധർ.
കഴിഞ്ഞ മാസം പോസിറ്റിവിറ്റി നിരക്ക് മൂന്നു ശതമാനത്തിൽ താഴെ എത്തിയിരുന്നു. ഇത് അഞ്ചു ശതമാനത്തിനു മുകളിലെത്തുന്നത് തീവ്രവ്യാപനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ ഭാഗമായി മാസ്ക് ധരിക്കാത്തവർക്കും കൃത്യമായി സാമൂഹിക അകലം പാലിക്കാത്തവർക്കും എതിരേ കർശന നടപടി എടുക്കാനാണ് പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടം ചേരൽ അനുവദിക്കില്ല. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ 57 പേരെ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിദിന കോവിഡ് പരിശോധന വർധിപ്പിക്കും.ഫെബ്രുവരി 24നു ശേഷം ആദ്യമായി ഇന്നലെ നാലായിരത്തിനു മുകളിൽ ആൾക്കാർക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്നലെ 4,353 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ കേരളത്തിൽ കഴിയുന്നുണ്ടെങ്കിൽ മാത്രം ഏഴു ദിവസം ക്വാറന്റൈനിൽ ഇരിക്കണം.
എട്ടാം ദിവസം ഇവർ ആർടിപിസിആർ പരിശോധന നടത്തണം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ഏഴു ദിവസത്തിനകം മടങ്ങി പോകുന്നവർ ആണെങ്കിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടതില്ല.
രോഗവ്യാപനം കണ്ടെത്തിയാൽ ജില്ലാ ഭരണകൂടങ്ങൾക്ക് കണ്ടെയിന്റ്മെന്റ് സോണുകൾ പ്രഖ്യാപിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
വിട്ടുവീഴ്ച പാടില്ല
ആദ്യഡോസ് വാക്സിൻ സ്വീകരിച്ചാലും രോഗബാധയുണ്ടാകാമെന്നും സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രണ്ടാം ഡോസ് കുത്തിവയ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു മാത്രമാണ് പ്രതിരോധശേഷി കൈവരുന്നത്. ആദ്യ വാക്സിൻ എടുത്ത് കോവിഡ് വന്നാലും തീവ്രത കുറവായിരിക്കും.