തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി ദിവസങ്ങളായി കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
ടിപിആർ 15 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. വിദഗ്ധ സമിതി ഇക്കാര്യം സർക്കാരിനോട് ശിപാർശ ചെയ്തിട്ടുണ്ട്.
നിലവിൽ ടിപിആർ 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്നത്.അതേസമയം ടിപിആർ അഞ്ച് ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ല.
ടിപിആർ പത്ത് ശതമാനത്തിൽ താഴാതെ നിൽക്കുന്നത് ആശങ്കയാണെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെ സംസ്ഥാനത്ത് ചിലയിടത്ത് ഡൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചതും ആശങ്കയിടയാക്കുന്നുണ്ട്. അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും ഡെൽറ്റപ്ലസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.