സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച സംഘം ഇന്ന് സംസ്ഥാനത്തെത്തും.
നാഷണൽ സെന്റർ ഫോർ ഡിസീസസ് കണ്ട്രോൽ ഡയറക്ടർ ഡോ. എസ്.കെ. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തുക. രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ സംഘം രണ്ടായി തിരിഞ്ഞ് പരിശോധന നടത്തും.
കേരളത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം വിലയിരുത്തുകയും രോഗവ്യാപനം നിയന്ത്രിക്കാൻ സഹായിക്കുകയുമാണ് സംഘത്തിന്റെ ദൗത്യം.
രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന സംഘം സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധരുമായും മന്ത്രി വീണ ജോർജുമായും കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ രോഗവ്യാപനം ആശങ്കയുളവാക്കുന്നതാണെന്നു ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ ആറ് ജില്ലകളിലെ ടിപിആർ പത്ത് ശതമാനത്തിനു മുകളിലാണ്. 1.54 ലക്ഷം ആളുകൾ ചികിത്സയിലുണ്ട്.
കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്രം സംസ്ഥാനത്തിനു കത്തയച്ചിരുന്നു. ഇതിനു തുടർച്ചയായിട്ടാണ് വീണ്ട ും കേന്ദ്ര സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച വളരെ നിർണായകമാണെന്നു ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏറെ ജാഗ്രത പാലിക്കണം.
ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളിൽ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.