സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചർച്ച നടത്തും.
സംസ്ഥാനം ഇതുവരെ നടപ്പിലാക്കിയ പ്രതിരോധ നടപടികൾ വിലയിരുത്തുന്ന സംഘം, കൂടുതൽ കർശന നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകും.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ നാല് വരെയാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ച. സംസ്ഥാന ആരോഗ്യമന്ത്രി ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
കഴിഞ്ഞ തവണ സംസ്ഥാനത്തെത്തി പഠനം നടത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ചർച്ചകൾ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് ഹോം ഐസൊലേഷനിൽ ഉണ്ടായ വീഴ്ചകൾ മൂലമാണെന്നു വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയിരുന്നു.
ഇതോടൊപ്പം സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർക്ക് രോഗബാധ ഉണ്ട ാകുന്നതും ചർച്ചയിൽ പ്രധാന വിഷയമാകും.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അവലോകന യോഗത്തിനു ശേഷം കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റ്ഡ് ഓഫീസും അതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയും സന്ദർശിക്കും.