തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവെന്ന് ആരോഗ്യമന്ത്രി കെ.ക.ശൈലജ.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പ് തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കും.
കേരളത്തിൽ ഇതുവരെ 11,89,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു കോടി 39 ലക്ഷം പരിശോധനകൾ നടത്തി. നിലവിൽ സംസ്ഥാനത്ത് 58,245 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
കേരളത്തിലെ വർധനവിന്റെ കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തിന് ഇനിയും കൂടുതൽ കോവിഡ് വാക്സിനുകൾ ആവശ്യമുണ്ട്.
കേന്ദ്രത്തിൽ നിന്നും 6,084,360 ഡോസ് വാക്സിനാണ് ലഭിച്ചത്. ഇതിൽ 5,675,138 വാക്സിൻ വിതരണം ചെയ്തു. സംസ്ഥാനത്ത് വാക്സിൻ സീറോ വേസ്റ്റേജാണ്. ആരോഗ്യസെക്രട്ടറി കേരളത്തെ അഭിനന്ദിച്ചിരുന്നു.
സംസ്ഥാനത്ത് 5,80,880 വാക്സിനാണുള്ളത്. 50 ലക്ഷം കോവിഡ് വാക്സിൻ വേണം. എങ്കിൽ മാത്രമേ മാസ് വാക്സിൻ ക്യാമ്പെയ്ൻ വിജയിപ്പിക്കാനാകു. 40 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകണമെങ്കിൽ ഇത് ആവശ്യമാണ്.
ഇപ്പോൾ കേരളത്തിൽ ഓക്സിജൻ കുറവില്ല. വലിയ തോതിൽ കേസ് വർധിച്ചാൽ ഓക്സിജൻ വേണ്ടിവരും. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന പരിഗണന കേരളത്തിലും നൽകണം.
ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഇപ്പോഴത്തെ വർധനവ് താഴേക്ക് കൊണ്ടുവരാനാകും. മരണനിരക്ക് കേരളത്തിൽ 0.4 ശതമാനമാണ്. ഇത് ഇനിയും താഴേക്ക് കൊണ്ടുവരണം.
കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞപ്പോഴാണ് തൃശൂർ പൂരത്തിന് അനുമതി നൽകിയത്. എങ്കിലും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. പൂരം ഒഴിവാക്കാനാകില്ലെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.