തിരുവനന്തപുരം: രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ കേരളത്തിലും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതായി സൂചന. പല ആശുപത്രികളും കോവിഡ് രോഗികളെക്കൊണ്ടു നിറയുകയാണ്.
രോഗികളുടെ എണ്ണം പരിധിവിട്ടു മുകളിലേക്കുപോയതോടെ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഇതോടെയാണ് ആശുപത്രികളിൽ തിരക്കേറിയത്.
നിലവിൽ കുഴപ്പമില്ലാതെയാണ് മുന്നോട്ടുപോകുന്നതെങ്കിലും വരും ദിവസങ്ങളിലും കോവിഡ് ബാധ പിടിച്ചുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ആശുപത്രി സൗകര്യങ്ങൾ പോരാതെ വരുമെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്.
പല സ്വകാര്യ ആശുപത്രികളിലും മുക്കാൽ പങ്ക് കിടക്കകളിലും കോവിഡ് രോഗികൾ നിറഞ്ഞിട്ടുണ്ട്. അതേസമയം, ഗുരുതരാവസ്ഥയില്ലാത്തവരും ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇൻഷ്വറൻസ് ആനുകൂല്യവും മറ്റും ഉള്ള ചിലർ ഇങ്ങനെ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നുണ്ടോയെന്നാണ് സംശയം. ഇതിനെക്കുറിച്ച് അധികൃതർ പരിശോധന നടത്തും. ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യാനാണ് നിർദേശമുള്ളത്.
ഒാക്സിജൻ ഉപയോഗം ആശുപത്രികളിൽ വർധിച്ചതും ഇടയ്ക്കിടെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒാക്സിജൻ ആവശ്യത്തിനു ലഭ്യമാണെങ്കിലും കൃത്യമായ സമയത്ത് ഇത് ആശുപത്രികളിലേക്ക് എത്തിക്കുന്നതിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്.
പലേടത്തും ആവശ്യത്തിനു സിലിണ്ടർ ലഭ്യമല്ലാത്തതും ദൂരസ്ഥലത്തുനിന്നു നിറയ്ക്കേണ്ടിവരുന്നതുമാണ് പ്രശ്നമുണ്ടാക്കുന്നത്.എങ്കിലും രോഗികളുടെ ജീവന് അപകടമാകുന്ന സ്ഥിതിയിലേക്ക് ഇതുവരെ ഒാക്സിജൻ പ്രശ്നം പോയിട്ടില്ല.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓക്സിജന്‍ ക്ഷാമം മൂലം ഇന്നു ചില ശസ്ത്രക്രിയകൾ മാറ്റിവച്ചു. ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളില്‍ ശസ്ത്രക്രിയ നിര്‍ത്തിവച്ചു. രാവിലെ നടക്കേണ്ടിയിരുന്ന 10 ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്.
ഇതിനിടെ, കോവിഡ് പ്രതിസന്ധി ഫലപ്രദമായി പരിഹരിക്കുന്നതിന് ആരോഗ്യ സെക്രട്ടറി ഡിഎംഒമാരുടെ യോഗം വിളിച്ചു.