ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂലമുള്ള പ്രതിദിന മരണം വീണ്ടും ആയിരത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം രാജ്യത്ത് 1,005 പേർക്കാണ് ജീവൻ നഷ്ടമായത്.
ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ ഉത്തരാഖണ്ഡും കേരളവുമാണ്. ഉത്തരാഖണ്ഡിൽ ഇന്നലെ ഒറ്റദിവസം 221 മരണം രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ 142 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ രാജ്യത്താകെ 48,786 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 61,588 പേർ രോഗമുക്തരാകുകയും ചെയ്തു. നിലവിൽ 5,23,257 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 96.97 ശതമാനമാണെന്നത് ആശ്വാസത്തിനു വകനൽകുന്നുണ്ട്.
കേരളത്തലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച 13,658 പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 9,771 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്.
തമിഴ്നാട്ടിൽ 4,506 കേസുകളും ആന്ധ്രാപ്രദേശിൽ 3,797 കേസുകളും കർണാടകയിൽ 3,382 കേസുകളും ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
ഈ അഞ്ച് സംസ്ഥാനങ്ങളിൽനിന്നുമാണ് ആകെ കേസുകളുടെ 71.98 ശതമാനവും റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കേസുകളുടെ 28 ശതമാനവും കേരളത്തിൽനിന്നുമാണ്.