ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളിൽ കേരളം വീണ്ടും മുന്നിൽ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 46,617 കേസുകളിൽ 12,868ഉം കേരളത്തിൽനിന്നാണ്.
രാജ്യത്ത് മൊത്തം മരണസംഖ്യ നാലു ലക്ഷം കവിഞ്ഞു. മേയ് 23 മുതൽ ഇന്നലെ വരെയുള്ള ദിവസങ്ങളിൽ മാത്രം ഒരു ലക്ഷം മരണമാണ് ഉണ്ടായത്.
വൈറസിന്റെ ഡെൽറ്റ വേരിയന്റ് ഏതാണ്ട് 100 രാജ്യങ്ങളിൽ ഇപ്പോഴും സജീവമാണെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലനിൽക്കേ വരും മാസങ്ങൾ കൂടുതൽ ജാഗ്രതവേണ്ടിവരും.
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടകം, ഡൽഹി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളാണ് കേരളത്തോടൊപ്പം രോഗബാധയുടെ കാര്യത്തിൽ മുൻനിരയിലുള്ളത്.
ജമൂയിയിൽ എല്ലാവരുംകുത്തിവയ്പ്പെടുത്തു
ഭോപ്പാൽ: മധ്യപ്രദേശിലെ ഷാഹ്ദോൽ ജില്ലയിലെ ജമൂയി സന്പൂർണ കോവിഡ് വാക്സിനേഷൻ എന്ന ലക്ഷ്യം നേടുന്ന ആദ്യ പഞ്ചായത്ത്. യോഗ്യരായ 1,855 പേരും ഇവിടെ കുത്തിവയ്പ്പെടുത്തതായി ജില്ലാ കളക്ടർ വാർത്താ ഏജൻസിയോടു പറഞ്ഞു. ജമൂയിക്കൊപ്പം മറ്റ് ആറു പഞ്ചായത്തുകളും സന്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യത്തിലെത്തി.