ബെർലിൻ: കോവിഡ് രോഗികളുടെ പരിശോധനക്ക് മതിയായ സുരക്ഷ കിറ്റുകൾ ലഭ്യമാക്കാത്തതിൽ വ്യത്യസ്ത പ്രതിഷേധവുമായി ജർമനിയിലെ ഡോക്ടർമാർ. നഗ്നരായി രോഗികളെ പരിശോധിച്ചാണ് ജർമനിയിൽ ഒരു സംഘം ഡോക്ടർമാർ പ്രതിഷധം അറിയിച്ചത്.
സുരക്ഷ ഉപകരണങ്ങളില്ലാതെ കോവിഡ് രോഗികളെ പരിചരിക്കുന്നത് ജീവന് ഭീഷണിയാണെന്നും എത്രയും വേഗം നടപടി വേണമെന്നുമുള്ള മാസങ്ങളായുള്ള ആവശ്യം അധികൃതർ അവഗണിച്ചതിനെത്തുടർന്നാണ് ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വ്യക്തി സുരക്ഷ വസ്ത്രങ്ങൾപോലും ഇല്ലാതെ എത്രത്തോളം മോശമാണ് തങ്ങളുടെ സ്ഥിതിയെന്ന് അധികൃതരെ അറിയിക്കാൻവേണ്ടിയാണ് വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിലും പോസ്റ്റ് ചെയ്തു.
ഫയൽ, ടോയ്ലറ്റ് റോൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നാണം മറച്ചാണ് ഡോക്ടർമാർ ചിത്രങ്ങളെടുത്തത്. നേരത്തെ, ഫ്രാൻസിലും ഡോക്ടർമാർ വിവസ്ത്രരായി പ്രതിഷേധം നടത്തിയിരുന്നു.