കോട്ടയം: വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തെ മരച്ചീനി കര്‍ഷകരെ സഹായിക്കാനുള്ള ചെറുതെങ്കിലും ഫലപ്രദമായ നടപടി എന്ന നിലയില്‍ കോവിഡ് റേഷന്‍ കിറ്റില്‍ രണ്ടു കിലോ ഉണക്കുകപ്പകൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി.
ഈ ആവശ്യവമുന്നയിച്ച് എംജി യൂണിവേഴ്സിറ്റി പ്രസിദ്ധീകരണ വിഭാഗം മുന്‍ മേധാവി കുര്യന് കെ. തോമസ് സര്‍ക്കാരിനു നിര്‍ദേശം സമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കാമ്പയിനുമായി കണമല സര്‍വീസ് സഹകരണ ബാങ്കും സജീവമായി രംഗത്തുണ്ട്. ബാങ്കിന്റെ നേതൃത്വത്തില്‍ കപ്പ കൃഷിയും സജീവമാണ്.
വിലയിടിവുമൂലം മരച്ചീനി കൃഷി രണ്ടു സീസണായി നഷ്ടത്തിലാണ്. വില കുത്തനെ ഇടിഞ്ഞ് പച്ചകപ്പക്ക് കിലോയ്ക്ക് പത്ത് രൂപയില്‍ താഴെ മാത്രമാണ് കര്ഷകന് ലഭിക്കുന്നത്. കടകളില്‍ വില്‍ക്കുന്നത് കിലോയ്ക്ക് പതിനഞ്ച് രൂപയില്‍ താഴെയും. ഈ പ്രതിസന്ധി നേരിടാന്‍ കര്‍ഷകര്‍ ഇപ്പോള്‍ വ്യാപകമായി കപ്പ വാട്ടി സംസ്കരിക്കുകയാണ്.
ഏറെ അധ്വാനവും പണച്ചിലവുമുള്ള വാട്ടുകപ്പക്ക് ഇപ്പോള്‍ ലഭിക്കുന്ന വില (കിലോ 40 രൂപ) അപര്യാപ്തമാണ്. കോവിഡ് കാലത്ത് വാട്ടിയ ഉണക്കുകപ്പക്ക് പുതുവിപണി കണ്ടെത്താനായില്ലെങ്കില്‍ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലാവും. രണ്ടു കിലോ ഉണക്കുകപ്പ റേഷന്‍ കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ലളിതവും പ്രായോഗികവുമാണ്.
റേഷന്‍ ഷോപ്പ് വഴിയായ സ്ഥിരം വിതരണം, താങ്ങുവില, സബ്സിഡി പോലെ നിയമം അനുവദിക്കുന്ന മറ്റു നടപടികളും ആലോചിക്കാവുന്നതാണ്. വാട്ടുകപ്പ കുറഞ്ഞത് ആറു മാസമെങ്കിലും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഫലപ്രദവും ആരോഗ്യത്തിനു ഹാനികരവുമല്ലാത്ത സംസ്കരണ,
പാക്കിംഗ്, സംഭരണ പ്രോട്ടോകോള്‍ തിരുവനന്തപുരം (ശ്രീകാര്യം) സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടിലെ വിദഗ്ധരും പ്രായോഗിക അനുഭവജ്ഞാനമുള്ള കര്‍ഷകരുമായി ആലോചിച്ച് വികസിപ്പിച്ചെടുക്കാവുന്നതാണെന്ന് കുര്യന് കെ തോമസ് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു.