സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ തലസ്ഥാന നഗരമായ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാണവായുവിനായി പരക്കംപാച്ചിലും രോഗികളുടെ കൂട്ടമരണവും.
ഡൽഹിയിലും പഞ്ചാബിലുമായി ഓക്സിജന്റെ കുറവു മൂലം 26 പേരാണ് ഇന്നലെ വിവിധ ആശുപത്രികളിൽ മരിച്ചത്.
ഡൽഹി ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ 20 പേരും അമൃത്സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറു പേരും മരിച്ചു.
അതിനിടെ, ഡൽഹി ജിടിബി ആശുപത്രിയുടെ വരാന്തയിൽ ഒറ്റ ഓക്സിജൻ സിലിണ്ടറിൽ നിന്ന് മൂന്നുരോഗികൾ പ്രാണവായു ശ്വസിച്ചു ജീവൻ നിലനിർത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു.
തീർത്തും അപരിചിതരായ പാർവതി ദേവി, ഓം ദത്ത ശയർമ, ദീപക് എന്നീ രോഗികളാണു ജിടിബി ആശുപത്രിയുടെ വരാന്തയിൽ ഒറ്റ ഓക്സിജൻ സിലിണ്ടറിൽ നിന്ന് ശ്വാസമെടുത്ത് ജീവൻ പിടിച്ചു നിർത്തിയിരിക്കുന്നത്.
പാർവതിയും ദീപകും സ്ട്രക്ചറുകളിലും ഓം ദത്ത് ആശുപത്രി വരാന്തയിൽ വെറും നിലത്തുമാണു കിടക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തിന്റെ ആക്രമണം അതിരൂക്ഷമായതോടെ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലെ ആശുപത്രികളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണു നേരിടുന്നത്.
രോഗവ്യാപനം പ്രതിദിനം ഇരട്ടിക്കുന്നതിനിടെ ഗുരുതരാവസ്ഥയിലായ രോഗികൾക്ക് പ്രാണവായു നൽകാൻ കഴിയാതെ ശ്വാസം മുട്ടുകയാണ് ആശുപത്രികൾ.
മെഡിക്കൽ ഓക്സിജന്റെ കുറവിനെത്തുടർന്നു ഡൽഹിയിലെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നതു തന്നെ നിർത്തിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഓക്സിജൻ ഇല്ലാത്തതിനാൽ രോഗികളെ പ്രവേശിപ്പിക്കില്ലെന്നും നിലവിലുള്ളവരെ ഡിസ്ചാർജ് ചെയ്യേണ്ടി വരുമെന്നുമാണ് പല ആശുപത്രികളുടെയും അധികൃതർ അറിയിച്ചത്.
ഡൽഹി ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ ഓക്സിജൻ ദൗർലഭ്യം മൂലം കഴിഞ്ഞ ദിവസം രാത്രി ചികിത്സയിലിരുന്ന 25 കോവിഡ് രോഗികൾ മരിച്ചുവെന്നും അക്ഷരാർഥത്തിൽ പ്രാണവായു ഇല്ലാതെ പിടയുന്ന അവസ്ഥയാണുള്ളതെന്നും ആശുപത്രി അധികൃതർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞു.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന 215 രോഗികളുടെ നില അതീവ ഗുരുതരമാണെന്നാണ് ഡൽഹിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ബി.കെ. ബലൂജ പറഞ്ഞത്.
ആശുപത്രിക്ക് അനുവദിച്ചിരുന്ന ഓക്സിജൻ വെള്ളിയാഴ്ച വൈകുന്നേരം ആയതോടെ തീർന്നു. അർധരാത്രിയോടെ വീണ്ടും ഓക്സിജൻ എത്തിയെങ്കിലും അപ്പോഴേക്കും 25 രോഗികൾ മരിച്ചതായി ഡോ. ബലൂജ പറഞ്ഞു.
അപ്പോഴും ആവശ്യമുണ്ടായിരുന്നതിന്റെ 40 ശതമാനം ഓക്സിജൻ മാത്രമാണ് രാത്രി വൈകി ആശുപത്രിയിൽ എത്തിച്ചത്.
സേവന സന്നദ്ധരായി ഡോക്ടർമാർ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ, ഓക്സിജൻ ഇല്ലാതെ രോഗികൾ മരണത്തോടു മല്ലടി ക്കുകയാണെന്ന് ആശുപത്രി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി.
ജയ്പുർ ഗോൾഡൻ ആശുപത്രിക്കു പുറമേ ബത്ര ആശുപത്രിയും മഹാരാജ അഗ്രസേൻ ആശുപത്രിയും ഓക്സിജൻ ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഡൽഹിയിലെ മൂൽചന്ദ് ആശുപത്രിയും ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവരുടെ ശ്രദ്ധ ക്ഷണിച്ച് അടിയന്തര സഹായം അഭ്യർഥിച്ചിരുന്നു.
ഓക്സിജൻ ഇല്ലാതെ ആശുപത്രിയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വിവരിക്കുന്നതിനിടെ മൂൽചന്ദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ മധു ഹൻഡ പൊട്ടിക്കരഞ്ഞാണ് സംസാരിച്ചത്.
ഡൽഹിയിലെ മറ്റ് ആശുപത്രികളിലും സമാന സ്ഥിതിയാണുള്ളതെന്നും അതീവ ഗുരുതരാവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അവർ വിശദീകരിച്ചു.
അമൃത്സറിലെ ആശുപത്രിയിൽ ഓക്സിജൻ ഇല്ലാതെയാണ് മരണം സംഭവിച്ചതെന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. ഓക്സിജൻ ആവശ്യത്തിനില്ലെന്ന് ഇന്നലെ രാത്രി തന്നെ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.
സർക്കാരിൽനിന്നു വേണ്ടത്ര ഓക്സിജൻ ലഭിക്കുന്നില്ലെന്നും പകരം സംവിധാനത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അധികൃതരുടെ വിശദീകരണം.
സർക്കാർ ആശുപത്രികൾക്ക് കൊടുത്ത ശേഷമേ സ്വകാര്യ ആശുപത്രികൾക്കു ഓക്സിജൻ നൽകൂ എന്നാണ് ജില്ലാ അധികൃതർ അറിയിച്ചതെന്ന് ഡോക്ടർമാർ പറയുന്നു.