ജനീവ: ജനങ്ങൾ അനാവശ്യമായി ആശുപത്രിയിലേക്കെത്തുന്നത് ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കാൻ കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന.
കോവിഡ് ബാധിച്ച 15 ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമെ ആശുപത്രികളിലെ പരിചരണം ആവശ്യമുള്ളൂ.
അതിനെക്കാള്‍ കുറച്ച് പേര്‍ക്കു മാത്രമേ ഓക്സിജന്‍ ആവശ്യമായി വരുന്നുള്ളുവെന്നും ഡബ്ല്യൂഎച്ച്ഒ വക്താവ് താരിക് ജസാറെവിക് പറഞ്ഞു.
നിലവില്‍ ഇന്ത്യയിലെ പ്രധാന പ്രശ്നം ധാരാളം പേര് ആശുപത്രികളിലേക്ക് എത്തുന്നു എന്നതാണ്.
വിദഗ്ധ ഉപദേശമോ കൃത്യമായ വിവരങ്ങളോ ലഭിക്കാത്തതു കൊണ്ടാണ് അവര്‍ ആശുപത്രികളിലേക്ക് എത്തുന്നത്.
ഗുരുതര രോഗമില്ലാത്തവരെ വീടുകളില്‍തന്നെ ചികിത്സ നല്‍കുകയും നിരീക്ഷിക്കുകയും ചെയ്യാന്‍ കഴിയും.
താഴെത്തട്ടിലുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ തന്നെ രോഗികളെ കണ്ടെത്തുകയും അവര്‍ക്ക് വിദഗ്ധ ഉപദേശം നല്കി വീടുകളില്‍തന്നെ കഴിഞ്ഞ് രോഗമുക്തി നേടാന്‍ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്.
ഹോട്ട്ലൈന്‍ സംവിധാനത്തിലൂടെയും ഡാഷ്ബോര്‍ഡുകള്‍ വഴിയും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കണം.
വലിയ ജനക്കൂട്ടങ്ങള്‍ അനുവദിക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക, കുറച്ചു പേര്‍ക്കുമാത്രം വാക്സിന് ലഭ്യമാക്കുക, വ്യക്തിസുരക്ഷയില്‍ വീഴ്ച വരുത്തുക എന്നീ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏത് രാജ്യത്തും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകാം എന്നും ഡബ്ല്യൂഎച്ച്ഒ വക്താവ് മുന്നറിയിപ്പ് നല്കി.