കൊച്ചി: ജില്ലയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ നീരീക്ഷണ കാലയളവ് വര്‍ധിപ്പിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മാര്‍ച്ച് അഞ്ചിനും 24 നും ഇടയില്‍ ജില്ലയില്‍ തിരികെയെത്തിയവര്‍ വീടുകളില്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതിയ നിര്‍ദേശ പ്രകാരം പ്രസ്തുത കാലയളവില്‍ ജില്ലയില്‍ തിരികെ എത്തിയശേഷം 14 ദിവസത്തെ നിരീക്ഷണ കാലയളവ് ഇതിനോടകം പൂര്‍ത്തിയാക്കിയവരും 28 ദിവസം തന്നെ നിരീക്ഷണത്തില്‍ കഴിയണം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ ജില്ലയില്‍ തിരികെയെത്തി 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ 9,280 പേരോട് 28 ദിവസ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.
ഇതോടെ വീടുകളില്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 12,097 ആയി. ഇന്നലെ പുതിയതായി 351 പേരെയാണു വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 38 പേരെ കാലയളവ് പൂര്‍ത്തിയായതിനെത്തുടര്‍ന്നു പട്ടികയില്‍നിന്ന് ഒഴിവാക്കി.
ഇന്നലെ മൂന്നുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ കളമശേരി മെഡിക്കല്‍ കോളജിലും ഒരാളെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍നിന്ന് ഇന്നലെ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയിലെ ഇതോടെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 36 ആയി. ഇതില്‍ 21 പേര് കളമശേരി മെഡിക്കല്‍ കോളജിലും അഞ്ചുപേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും രണ്ടുപേര്‍ ആലുവ ജില്ലാ ആശുപത്രിയിലും ആറുപേര്‍ സ്വകാര്യ ആശുപത്രിയിലും രണ്ടുപേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.
നിലവില്‍ ജില്ലയില്‍ ആശുപത്രികളിലും വീടുകളിലുമായി നിലവില്‍ നിരീക്ഷണത്തിലുള്ളത് 12,133 പേരാണ്. 42 പരിശോധനാ ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്.
ഇതെല്ലാം നെഗറ്റീവാണ്. ഇന്നലെമാത്രം 27 പേരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഇനി 84 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കാനുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയിലെ രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 24 പേര് നിരീക്ഷണത്തിലുണ്ട്.