കൊച്ചി: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായിരത്തോടടുത്തു. ഇതുവരെയായി 6,894 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,661 പേര് രോഗമുക്തി നേടി. 67.61 ശതമാണു നിലവില്‍ ജില്ലയിലെ രോഗമുക്തി നിരക്ക്.
ഈ മാസം ഇതുവരെ അഞ്ച് കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചപ്പോള്‍ കഴിഞ്ഞ നാലു ദിവസത്തിനിടെമാത്രം അഞ്ച് മരണങ്ങളുമുണ്ടായി. ഇന്നലെ 274 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണു കണക്കുകള്‍ ഉയര്‍ന്നത്.
രോഗ ബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 30ന് 231 പേര്‍ക്ക് രോഗം പിടിപെട്ടതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന പ്രതിദിന നിരക്ക്. നാലു ദിവസങ്ങള്‍ക്കുശേഷം ഈ എണ്ണവും മറികടന്ന കാഴ്ചയാണു കാണാന്‍ കഴിയുക.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ മാത്രമാണു കേരളത്തിനു പുറത്തുനിന്നുവന്നവര്‍. 271 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ജില്ലയില്‍ രോഗം പിടിപ്പെട്ടവരുടെ എണ്ണം ഇന്നുതന്നെ ഏഴായിരം പിന്നിടാനാണു സാധ്യത.
ഇന്നലെ 185 പേര്‍ക്ക് ഉള്‍പ്പെടെ ഈ മാസം 647 പേരാണു രോഗമുക്തി നേടിയത്. നിലവില്‍ 2,327 പേരാണു കോവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 697 പേര് വീടുകളിലാണു ചികിത്സയില്‍ കഴിഞ്ഞുവരുന്നത്.
രോഗനിരക്ക് വര്‍ധിക്കുന്നതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇന്നലെ 2,931 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയപ്പോള്‍ നിരീക്ഷണ കാലയളവ് അവസാനിച്ച 303 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു.
നിലവില്‍ 17,372 പേരാണു ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരുന്നത്. ഇതില്‍ 15,078 പേര് വീടുകളിലും, 108 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 2,186 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്നലെ രോഗമുക്തി നേടിയ 185 പേരില്‍ 182 പേരും ജില്ലാക്കാരും രണ്ടുപേര്‍ ഇതര സംസ്ഥാനക്കാരും ഒരാള്‍ മറ്റു ജില്ലക്കാരനുമാണ്. 132 പേരെ പുതുതായി ആശുപത്രികളിലും എഫ്എല്റ്റിസികളിലുമായി പ്രവേശിപ്പിച്ചപ്പോള്‍ ഇവിടങ്ങളില്‍നിന്ന് 199 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
പരിശോധനയുടെ ഭാഗമായി ഇന്നലെ 935 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചപ്പോള്‍ 1,073 പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇന്നലെ അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 400 ഫലങ്ങളാണ് ലഭിക്കാനുള്ളതായും അധികൃതര്‍ അറിയിച്ചു.്