കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് 19 രോഗമുക്തിരുടെ എണ്ണം 95 ശതമാനത്തിലെത്തി. ജില്ലയില്‍ ഇതുവരെ 3,38,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,21,460 പേരും രോഗമുക്തി നേടി.
രോഗമുക്തരുടെ എണ്ണം ആശ്വാസം നല്കുന്നതാണെങ്കിലും മരണസംഖ്യ ആശങ്കയായി ഉയരുകയാണ്. കഴിഞ്ഞ നാലു ദിവസത്തിനിടെമാത്രം ജില്ലയില്‍ സ്ഥിരീകരിച്ചത് 103 മരണങ്ങളാണ്.
ഏതാനും ആഴ്ചകളായി എറണാകുളത്ത് മരണസംഖ്യ ഉയരുന്ന കാഴ്ചയാണ്. 0.25 ശതമാനത്തിലും താഴെയെത്തിയ മരണസംഖ്യ നിലവില്‍ 0.34 ശതമാനത്തിലെത്തി.
ഇന്നലെ 1,793 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,801 പേര് രോഗമുക്തി നേടി. 2,173 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 2,402 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം ഇതോടെ 39,055 ആയി കുറഞ്ഞു.
ഇന്നലെ ജില്ലയില്‍നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍നിന്നായി 12,415 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചതായും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.4 ശതമാനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.