കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയിൽ 10,806 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി.
നിരീക്ഷണ കാലയളവ് പൂർത്തിയായതിനെത്തുടർന്നാണ് ഇത്രയും പേരെ ഒഴിവാക്കിയത്. പുതുക്കിയ നിർദേശ പ്രകാരം മാർച്ച് അഞ്ചിനു ശേഷം വിദേശത്തുനിന്നും, മറ്റു സംസ്ഥാനങ്ങളിൽനിന്നും തിരികെയെത്തിയവരിൽ ഹൈ റിസ്ക്ക് വിഭാഗത്തിൽ പെട്ടവർ മാത്രം 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി.
ഇതിനാലാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 10,806 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഇതോടെ വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 1,142 ആയി. ഇന്നലെ പുതിയതായി 106 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.
അതിനിടെ, ഇന്നലെ ഒൻപതുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേർ കളമശേരി മെഡിക്കൽ കോളജിലും നാലുപേർ ആലുവ ജില്ലാ ആശുപത്രിയിലും മൂന്നുപേർ സ്വകാര്യ ആശുപത്രിയിലുമാണ്.
കളമശേരി മെഡിക്കൽ കോളജിൽ നിന്ന് ഒരാളെയും, ആലുവ ജില്ലാ ആശുപത്രിയിൽനിന്ന് രണ്ടുപേരെയും ഇന്നലെ ഡിസ്ചാർജ് ചെയ്തു. ഇതോടെ ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 41 ആയി.
ഇതിൽ 25 പേർ കളമശേരി മെഡിക്കൽ കോളജിലും ഒരാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും നാലുപേർ ആലുവ ജില്ലാ ആശുപത്രിയിലും, ഒൻപതുപേർ സ്വകാര്യ ആശുപത്രിയിലും രണ്ടുപേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.
ജില്ലയിൽ ആശുപത്രികളിലും, വീടുകളിലുമായി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 1,183 ആയി. ജില്ലയിലെ രണ്ട് കോവിഡ് കെയർ സെന്ററുകളിലായി 25 പേർ നിരീക്ഷണത്തിലുണ്ട്.