കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലുള്ളത് 210 പേർ. ഇതിൽ 90 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും 120 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
ഇന്നലെ 27 പേരെ പുതുതായി ഉൾപ്പെടുത്തിയപ്പോൾ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെതുടർന്ന് 175 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ആശുപത്രിയിൽ ഇന്നലെ രണ്ടു പേരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.
ഇവർ സ്വകാര്യ ആശുപത്രിയിലാണുള്ളത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ ഡിസ്ചാർജ് ചെയ്തു. നിലവിൽ 18 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്.
കളമശേരി മെഡിക്കൽ കോളജിൽ നാലു പേരാണുള്ളത്. ഇതിൽ രണ്ടു പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒരാളും ആലുവ ജില്ലാ ആശുപത്രിയിൽ ഒരാളും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ രണ്ടു പേരും സ്വകാര്യ ആശുപത്രികളിലായി 10 പേരും നിരീക്ഷണത്തിൽ ഉണ്ട്.
ഇന്നലെ ജില്ലയിൽ നിന്ന് ആറു സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 16 പരിശോധനാ ഫലങ്ങൾ ഇന്നലെ ലഭിച്ചതിൽ എല്ലാം തന്നെ നെഗറ്റീവാണ്. ഇനി 47 സാന്പിൾ പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.
കൊറോണ കണ്ട്രോൾ റൂമിലേക്ക് ഇന്നലെ 165 കോളുകളാണ് ലഭിച്ചത്. ഇതിൽ 103 കോളുകൾ പൊതുജനങ്ങളിൽ നിന്നും 29 എണ്ണം അതിഥി തൊഴിലാളികളിൽ നിന്നുമായിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ നാട്ടിലേക്ക് എപ്പോൾ വരാൻ കഴിയുമെന്ന് അന്വേഷിച്ചും ലോക്ക് ഡൗണ്‍ പുതിയ ഇളവുകളെക്കുറിച്ച് അറിയുന്നതിനുമായാണ് കൂടുതൽ ആളുകൾക്കും അറിയേണ്ടിയിരുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ഞപ്പെട്ടി, വാഴക്കുളം, അങ്കമാലി എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾക്ക് ബോധവത്ക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിലൂടെ നാലു പേരെയാണ് ഇന്നലെ വിളിച്ചത്.
ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയർ സെന്ററുകളിലായി 24 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ തൃപ്പൂണിത്തുറയിൽ ആണ് 22 പേർ നിരീക്ഷണത്തിൽ കഴിയുന്നത്. രണ്ടു പേർ നെടുന്പാശേരിയിലുമാണ്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്നലെ നിരീക്ഷണത്തിൽ കഴിയുന്ന 323 പേർക്ക് കൗണ്‍സലിംഗ് നൽകി. ഇത് കൂടാതെ കണ്ട്രോൾ റൂമിലേക്ക് വിളിച്ച 10 പേർക്കും ഇത്തരത്തിൽ കൗണ്‍സലിംഗ് നൽകി.
അതിഥി തൊഴിലാളികൾക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി മൊബൈൽ മെഡിക്കൽ ടീം ഇന്നലെ ക്യാന്പുകൾ സന്ദർശിച്ച് 156 അതിഥി തൊഴിലാളികളെ പരിശോധിച്ചു. ആർക്കുംതന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ല.