കൊച്ചി: എറണാകുളം ജില്ലയിൽ കഴിഞ്ഞ 24 ദിവസമായി പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നു.
ജില്ലയിലാകെ 736 പേരാണു വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്. ഇതിൽ 381 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലും 355 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു. ഇന്നലെ 338 പേരെയാണു വീടുകളിൽ നിരീക്ഷണത്തിനായി നിർദേശിച്ചത്.
നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടർന്ന് 44 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ഇന്നലെ പുതുതായി പത്തു പേരെ ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
ഇതിൽ രണ്ടു പേർ കളമശേരി മെഡിക്കൽ കോളജിലും, അഞ്ചുപേർ ആലുവ ജില്ലാ ആശുപത്രിയിലും, മൂന്നുപേർ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ടുപേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.
കളമശേരി മെഡിക്കൽ കോളജിൽനിന്ന് നാലു പേരെയും ആലുവ ജില്ലാ ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നുമായി രണ്ടു പേർ വീതവുമാണു ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം.ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 22 ആയി.
കളമശേരി മെഡിക്കൽ കോളജിൽ അഞ്ചു പേരും ആലുവ ജില്ലാ ആശുപത്രിയിൽ ആറുപേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ രണ്ടുപേരും സ്വകാര്യ ആശുപത്രികളിലായി ഒൻപതുപേരുമാണു ചികിത്സയിലുള്ളത്.
251 സാന്പിൾ പരിശോധന ഫലങ്ങളാണു ഇനി ജില്ലയിൽ ലഭിക്കാനുള്ളത്. സമൂഹ വ്യാപനം ഉണ്ടോ എന്നറിയാനായി കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച 163 സാന്പിളുകളുടെ പരിശോധന ഫലങ്ങൾ കൂടി ഇതിൽ ഉൾപ്പെടും.
ഇന്നലെ ജില്ലയിൽനിന്നു 53 സാന്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയിൽ 122 കമ്മ്യൂണിറ്റി കിച്ചനുകൾ ഇന്നലെ പ്രവർത്തിച്ചു. ഇതിൽ 91 എണ്ണം പഞ്ചായത്തുകളിലും, 31 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 20,805 പേർക്ക് ഭക്ഷണം നൽകി. ഇതിൽ 4,286 പേർ അതിഥിത്തൊഴിലാളികളാണെന്നും അധികൃതർ വ്യക്തമാക്കി.