കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി മുന്നോട്ട് നീങ്ങവേ എറണാകുളം ജില്ലയിൽ ഇനി ഹൈ റിസ്ക് വിഭാഗത്തിലുള്ളത് വെറും 14 പേർകൂടി. നിലവിൽ 508 പേരാണു ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 494 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഇവർ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണം.
ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവർ 28 ദിവസമാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടത്. ഇന്നലെ 93 പേരെകൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 449 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു.
ഇന്നലെ പുതുതായി ഏഴ് പേരെയാണു ആശുപത്രികളിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. കളമശേരി മെഡിക്കൽ കോളജിലും ആലുവ ജില്ലാ ആശുപത്രിയിലും ഒരാൾ വീതവും സ്വകാര്യ ആശുപത്രികളിൽ അഞ്ചുപേരെയുമാണ് പ്രവേശിപ്പിച്ചത്. അതിനിടെ, ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 21 പേരെ ഡിസ്ചാർജ് ചെയ്തു.
നിലവിൽ 11 പേരാണു ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 41 പരിശോധന ഫലങ്ങൾ ലഭിച്ചു. ഇവയെല്ലാം നെഗറ്റീവ് ആയിരുന്നതായും 20 എണ്ണം സമൂഹവ്യാപനം ഉണ്ടോയെന്ന് അറിയാനായി എടുത്തവയാണെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ ജില്ലയിൽനിന്നും 31 സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 47 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ഇതിൽ 21 എണ്ണം സമൂഹവ്യാപനം ഉണ്ടോയെന്ന് അറിയാനായി എടുത്ത സാന്പിളുകളാണ്. ഇന്നലെ 768 കോളുകളാണ് ജില്ലാ കണ്ട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 470 കോളുകൾ പൊതുജനങ്ങളിൽനിന്നായിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽനിന്നു പാസ് ലഭിച്ചു വരുന്നവർ ചെക്ക്പോസ്റ്റുകളിലുള്ള നടപടിക്രമങ്ങൾ അറിയുന്നതിനെകുറിച്ചും, ലോക്കഡൗണിൽ കേരളത്തിൽപെട്ടുപോയ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവർ തങ്ങൾക്ക് തിരിച്ചുപോകുവാൻ ട്രെയിൻ സൗകര്യം എന്നു മുതൽ ലഭ്യമാകും എന്ന് അറിയാനും വിളികൾ എത്തി.