കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നതിനിടെ എറണാകുളം ജില്ലയില്‍ 1,492 പേരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടര്‍ന്നാണു ഇത്രയധികം പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കിയത്.
ഇന്നലെ 513 പേരെകൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4,899 ആയി. ഇതില്‍ 140 പേര് ഹൈ റിസ്ക്ക് വിഭാഗത്തിലും 4,759 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്.
ഇന്നലെ പുതുതായി ആറു പേരെയാണു ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. നാലു പേരെ കളമശേരി മെഡിക്കല്‍ കോളജിലും രണ്ടുപേരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ചുപേരെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍നിന്ന് ഒരാളെയും കരുവേലിപ്പടി താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് രണ്ടുപേരെ വീതവുമാണു ഡിസ്ചാര്‍ജ് ചെയ്തത്.
ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 41 ആയി. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ 19 പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രി, പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും സ്വകാര്യ ആശുപത്രികളില്‍ 14 പേരുമാണു നിരീക്ഷണത്തിലുള്ളത്.
കോവിഡ് ബാധിച്ച് ജില്ലയിലെ ആശുപത്രികളില്‍ ഒന്‍പത് പേരാണു ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ എറണാകുളം സ്വദേശികളായ നാലുപേരും പാലക്കാട് സ്വദേശികളായ രണ്ടുപേരും കൊല്ലം, തൃശൂര്‍ സ്വദേശികളായ ഒരോരുത്തരും ഉത്തര്‍പ്രദേശ് സ്വദേശിയായ ഒരാളുമാണു ചികിത്സയില്‍ കഴിഞ്ഞുവരുന്നത്. ജില്ലയില്‍ ഇനി 113 സാമ്പിളുകളുടെ ഫലങ്ങള്‍കൂടി ലഭിക്കാനുണ്ട്.
ഇന്നലെ ജില്ലയില്‍നിന്നും 55 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 72 പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇതെല്ലാം നെഗറ്റീവായിരുന്നതായും അധികൃതര്‍ അറിയിച്ചു.
പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള സെന്റിനല്‍ സര്‍വൈലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഡെസിഗ്നേറ്റെഡ് മൊബൈല്‍ കളക്ഷന്‍ ടീം കോവിഡ് കെയര്‍ സെന്ററുകളില്‍നിന്ന് ഇന്നലെ 22 സാമ്പിളുകള്‍ ശേഖരിച്ചു. ഇത്തരത്തില്‍ ഇതുവരെ 152 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ ഇതുവരെ 60 എണ്ണത്തിന്റെ ഫലം ലഭ്യമായി.
ഇവയെല്ലാം നെഗറ്റീവായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 19 കോവിഡ് കെയര്‍ സെന്ററുകളിലായി 884 പേരാണു നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 49 പേര് പണം നല്കി ഉപയോഗിക്കാവുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്.