
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക് എത്തുന്നു. 729 പേരെയാണ് ഇന്നലെ ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്.
നിരീക്ഷണ കാലയളവ് അവസാനിച്ച 733 പേരെ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11,998 ആയി. ഇതില്‍ 10,193 പേര് വീടുകളിലും 539 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1,266 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
30 പേരെയാണു പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജില്‍ 22 പേരെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാളെയും സ്വകാര്യ ആശുപത്രികളില്‍ ഏഴുപേരെയും പ്രവേശിപ്പിച്ചപ്പോള്‍ വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഏഴ്പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 141 ആയി. മെഡിക്കല്‍ കോളജില്‍ 59 പേരും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പറവൂര്‍ താലൂക്ക് ആശുപത്രിയിലും മൂന്നുപേര്‍ വീതവും അങ്കമാലി അഡ്ലക്സില്‍ 47 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ നാലുപേരും സ്വകാര്യ ആശുപത്രികളിലായി 25 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
കൊച്ചി: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 100 കടന്നു. ഇന്നലെ അഞ്ചുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണു രോഗികളുടെ എണ്ണം നൂറുകടന്നത്. മൂന്ന് ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെ ഇന്നലെ അഞ്ചുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ 102 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലും അങ്കമാലി അഡ്ലക്സിലുമായി 97 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ നാലുപേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ് നാലിന് മസ്കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള തെലങ്കാന സ്വദേശി, ഏഴിന് ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്നാട് സ്വദേശി, നാലിന് മുംബൈയില്‍നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ 34 വയസുള്ള വാഴക്കുളം സ്വദേശിനി,
15ന് ഡല്‍ഹി – കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്നാട് സ്വദേശി എന്നിവര്‍ക്കും 48 വയസുള്ള പുത്തന്‍വേലിക്കര സ്വദേശിനിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പുത്തന്‍വേലിക്കര സ്വദേശിനിയുടെ അടുത്ത ബന്ധുവും രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.
16ന് റഷ്യയില്‍നിന്ന് വിമാനത്തിലെത്തിയ 21 വയസുള്ള പത്തനംതിട്ട സ്വദേശിയും അതേ വിമാനത്തിലെത്തിയ 39 വയസുള്ള പാലക്കാട് സ്വദേശിയും, 27ന് അബുദാബി – തിരുവന്തപുരം വിമാനത്തിലെത്തിയ 40 വയസുള്ള കൊല്ലം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുണ്ട്.
26ന് രോഗം സ്ഥിരീകരിച്ച് ഐഎന്‍ എച്ച്എസ് സഞ്ജീവനിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നവരില്‍ ഒരു തീരരക്ഷാ സേനാ ഉദ്യോഗസ്ഥനും 29ന് രോഗം സ്ഥിരീകരിച്ച 80 വയസുള്ള തൃശൂര്‍ സ്വദേശിനിയും ഇന്നലെ രോഗമുക്തി നേടി.
ഇന്നലെ ലഭിച്ച 113 പരിശോധന ഫലങ്ങളിലാണ് അഞ്ചെണ്ണമാണ് പോസിറ്റീവായത്. ജില്ലയില്‍നിന്നും 133 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇനി 263 ഫലങ്ങള്‍കൂടി ലഭിക്കാനുള്ളതായും അധികൃതര്‍ വ്യക്തമാക്കി.