കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയിൽ ഇനി ലഭിക്കാനുള്ളത് 53 സാന്പിൾ പരിശോധന ഫലങ്ങൾ കൂടി. ജില്ലയിൽ നിന്ന് ഇന്നലെ അയച്ച 38 സാന്പിളുകൾ ഉൾപ്പെടെയുള്ളതിന്റെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ഇന്നലെ 18 പരിശോധനാ ഫലങ്ങളാണ് ലഭിച്ചതെന്നും ഇവയെല്ലാം നെഗറ്റീവ് ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇന്നലെ മൂന്നു പേരെയാണു പുതുതായി വീടുകളിൽ നിരീക്ഷണത്തിനായി ഉൾപ്പെടുത്തിയത്.
നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടർന്ന് 36 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 140 ആയി. ഇതിൽ 35 പേർ മാത്രമാണ് ഇനി ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെടുന്നത്. 105 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു.
ഇന്നലെ പുതുതായി അഞ്ചുപേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഒരാൾ കളമശേരി മെഡിക്കൽ കോളജിലും നാലുപേർ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന നാലു പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽനിന്ന് രണ്ടുപേരും, ആലുവ ജില്ലാ ആശുപത്രിയിൽനിന്നും സ്വകാര്യ ആശുപത്രിയിൽനിന്നും ഓരോരുത്തരും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ 14 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്.
കളമശേരി മെഡിക്കൽ കോളജിൽ അഞ്ചുപേരാണുള്ളത്. ഇതിൽ രണ്ടു പേരാണു കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ രണ്ടു പേരും, സ്വകാര്യ ആശുപത്രികളിലായി ഏഴുപേരും നിരീക്ഷണത്തിലുണ്ട്.
ജില്ലാ കണ്ട്രോൾ റൂമിൽ ഇന്നലെ 182 കോളുകൾ ലഭിച്ചു. ഇതിൽ 105 കോളുകൾ പൊതുജനങ്ങളിൽനിന്നും, 20 എണ്ണം അതിഥിത്തൊഴിലാളികളിൽനിന്നുമായിരുന്നു. ലോക്ക് ഡൗണ് സംബന്ധിച്ച പുതിയ ഇളവുകളെക്കുറിച്ച് അറിയുന്നതിനാണു കൂടുതൽ വിളികളുമെത്തിയത്.
ഹോട്ട് സ്പോട് ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കു യാത്ര ചെയ്യാമോ, അങ്ങനെ ചെയ്ത് കഴിഞ്ഞാൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമോ എന്നെല്ലാം പ്രധാന സംശയങ്ങളായിരുന്നു.
ജില്ലയിൽ 122 കമ്മ്യൂണിറ്റി കിച്ചനുകൾ ഇന്നലെ പ്രവർത്തിച്ചു. ഇതിൽ 88 എണ്ണം പഞ്ചായത്തുകളിലും, 34 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 29,779 പേർക്ക് ഭക്ഷണം നൽകി. ഇതിൽ 9,055 പേർ അതിഥി തൊഴിലാളികളാണ്.
ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയർ സെന്ററുകളിലായി 21 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിലാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി.