കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയില്‍ ഇന്നലെ 451 പേരെകൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 139 പേരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1,596 ആയി. ഇതില്‍ 15 പേര് ഹൈ റിസ്ക് വിഭാഗത്തിലും 1,581 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്.
ജില്ലയില്‍ ഇന്നലെ ഒരു പോസിറ്റീവ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും വര്‍ധിച്ചത്. കഴിഞ്ഞ എട്ടിന് രോഗം സ്ഥിരീകരിച്ച ചെന്നൈയില്‍ നിന്നു ചികിത്സയ്ക്കായി എത്തിയ എറണാകുളം സ്വദേശിനിയുടെ അഞ്ച് വയസുള്ള മകനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
കുട്ടി ഇപ്പോൾ കളമശേരി മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളായ മൂന്നു പേരെയും മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയാറാക്കി വരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ 14 പേരെയാണു പുതുതായി ആശുപത്രികളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. നിലവില്‍ 26 പേരാണു ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. കളമശേരി മെഡിക്കല്‍ കോളജില്‍ 11 പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ ഒരാളും സ്വകാര്യ ആശുപത്രികളിലായി 14 പേരുമാണു നിരീക്ഷണത്തിലുള്ളത്.
ഇന്നലെ ജില്ലയില്‍നിന്ന് 60 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 62 ഫലങ്ങള്‍കൂടി ലഭിക്കുവാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 695 കോളുകളാണ് ഇന്നലെ ജില്ലാ കണ്ട്രോള് റൂമില്‍ ലഭിച്ചത്.
ഇതില്‍ 322 കോളുകള്‍ പൊതുജനങ്ങളില്നിന്നുമായിരുന്നു. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ 4,023 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.