കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് നീങ്ങവേ എറണാകുളം ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നീരിക്ഷണത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന. ഇന്നലെമാത്രം 16 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
ഇതോടെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 31 ആയി. കളമശേരി മെഡിക്കല്‍ കോളജില്‍ അഞ്ചുപേരെയും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരെയും സ്വകാര്യ ആശുപത്രികളിലായി ഒന്പതുപേരെയുമാണു പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.
ഇതോടെ കളമശേരി മെഡിക്കല്‍ കോളജില്‍ 11 പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ മൂന്നുപേരും സ്വകാര്യ ആശുപത്രികളില്‍ 17 പേരും നിരീക്ഷണത്തിലായി. ജില്ലയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ കോവിഡ് ബാധിച്ച് മൂന്നുപേരാണ് ചികിത്സയിലുള്ളത് .
ഇതില്‍ ഒരാള്‍ സ്വകാര്യ ആശുപത്രിയിലും, ബാക്കി രണ്ടുപേര്‍ കളമശേരി മെഡിക്കല്‍ കോളജിലുമാണുള്ളത്. ഇന്നലെ കൊച്ചിയില്‍ 251 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 45 പേരെ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1,802 ആയി. ഇതില്‍ 15 പേര് ഹൈറിസ്ക് വിഭാഗത്തിലും 1,787 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 11 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
51 സാമ്പിളുകള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ച 58 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ഇനി 55 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ 712 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലുകളില്‍ 25 പേരും നിരീക്ഷണത്തിലുണ്ട്.