തിരുവനന്തപുരം: കൊല്ലം ജില്ലയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച വിമാനത്തിലെത്തിയവരുടെ പട്ടിക പുറത്തുവിട്ടു. ഇവരും കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഈ വിമാനത്തിലെത്തിയ 25 പേരും കൊല്ലം ജില്ലക്കാരാണ്. ഇതോടൊപ്പം ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട 10 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും 30ലേറെപ്പേരെ ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഇതോടൊപ്പം രോഗി എത്തിയ മൂന്ന് ആശുപത്രികളും ലാബുകളും പൂട്ടി. ദുബായിൽ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49 വയസുകാരനാണു രോഗബാധ സ്ഥിരീകരിച്ചത്.
ഈ മാസം 18നാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇദ്ദേഹത്തെ ഉടൻ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.