കൊല്ലം: ജില്ലയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി രോഗവിമുക്തരായി. ഇട്ടിവ സ്വദേശിനിയായ യുവതിയും ഓയൂർ സ്വദേശിയായ യുവാവുമാണ് ഇന്നലെ ആശുപത്രി വിട്ടത്.ജില്ലയിൽ അഞ്ചു പേർ മാത്രമാണ് ഇനി ചികിത്സയിലുള്ളത്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസുകളില്ല. ഇത് ഏറെ ആശ്വാസം പകരുന്നവയാണ്.പുതുതായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.539 പേർ കൂടി ഗാർഹിക നിരീക്ഷണം പൂർത്തിയാക്കി.
ഇനി 4581 പേരാണ് ആകെ ഗൃഹനിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്ക് അയച്ച 1176 സാമ്പിളുകളിൽ എട്ടെണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.നിലവിൽ ചികിത്സയിലുള്ള അഞ്ചു പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.