എസ്.ആർ.സുധീർകുമാർ
കൊല്ലം: കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ കോവിഡ്- 19 കേസുകൾ ഇല്ലാത്തത് കൊല്ലത്തിന് ആശ്വാസമായി. രോഗവ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ജില്ലകളെ നാല് മേഖലകളായി തിരിച്ചതിൽ രണ്ടാം സ്ഥാനത്താണ് കൊല്ലം.
അതുകൊണ്ട് ജില്ലയിൽ 24ന് ശേഷം ഇളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 24 വരെ സന്പൂർണ ലോക്ക് ഡൗൺ തുടരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കും.
ഈ മേഖലയിൽ ഭാഗികമായി ജനജീവിതം അനുവദിക്കാമെന്നാണ് കേരള ഗവൺമെന്റിന്റെ നിലപാട്. എന്നാലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനമായിരിക്കും അന്തിമം. അതേ സമയം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ തുടരുകയാണ്.
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഏകോപിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഓരോ ദിവസത്തെയും കണക്കുകൾ ശുഭസൂചനയാണ് നൽകുന്നത്. ഇന്നലെ ജില്ലയിൽ പുതുതായി അഞ്ചു പേരെ മാത്രമാണ് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.
നാലു പേരെ ഒഴിവാക്കി. ആകെ 11 പേർ ആശുപത്രികളിലുണ്ട്.വീടുകളിൽ 41 പേരെയും നിരീക്ഷണത്തിലാക്കി. 3956 പേരാണ് ആകെ ഹോം ക്വാറന്റയിനിൽ ഉള്ളത്. ഇവരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു വരുന്നതും ആശ്വാസത്തിന് വക നൽകുന്ന കാര്യമാണ്.
ഇതുവരെ പരിശോധനയ്ക്ക് അയച്ച 1191 സാമ്പിളുകളിൽ 1170 എണ്ണവും നെഗറ്റീവ് ആണ്. എട്ട് ഫലങ്ങൾ വരാനുണ്ട്. ഇന്നലെ ഫലം വന്ന 15 എണ്ണവും നെഗറ്റീവ് ആണ്. പുതുതായി 15 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. ആരോഗ്യ പ്രവർത്തകർ 14 720 വീടുകളിൽ സന്ദർശനം നടത്തി.
ലോക്-ഡൗണ്‍ നിബന്ധനകൾ ലംഘിച്ച് അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് നിയന്ത്രണം കർശനമാക്കി വാഹന പരിശോധന ശക്തമാക്കുകയും ചെയ്തു. ഇടറോഡുകളിലും കളിസ്ഥലങ്ങളിലും പോലീസിന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളിലും ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി.
ഇതിന്റെ ഭാഗമായി അഞ്ചാലുമ്മൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തി. കൊല്ലം സിറ്റിയിൽ ലോക്-ഡൗണ്‍ ലംഘിച്ചതിന് ഏപ്രിൽ 13 മുതൽ 15 വരെ മൂന്ന് ദിവസങ്ങളിലായി 1143 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഇന്നലെ 291 കേസുകൾ രജിസ്റ്റർ ചെയ്ത് 291 പേരെ അറസ്റ്റ് ചെയ്യുകയും 253 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അതിഥി തൊഴിലാളി ക്യാന്പുകൾ ജനമൈത്രി പോലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസർമാർ സന്ദർശിക്കുകയും തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.
പൊതുജനങ്ങൾ ലോക്-ഡൗണ്‍ നിബന്ധനകൾ കർശനമായി പാലിച്ച് സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ടതാണെന്നും അവശ്യസാധനങ്ങൾക്കായി പുറത്തിറങ്ങുന്നവർ വീടിനോടടുത്ത് സ്ഥാപനങ്ങളുണ്ടെങ്കിൽ അവിടെ നിന്നും ആയത് വാങ്ങേണ്ട താണെന്നും അനാവശ്യമായി രേഖകളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി അറിയിച്ചു.