കൊല്ലം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ 68 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.കൊട്ടാരക്കരയിലെ കുളക്കട, താഴത്ത് കുളക്കട, പുത്തൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 54 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി.
120 സ്ഥാപനങ്ങള്‍ക്ക് താക്കിത് നല്കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന് നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കരുനാഗപ്പള്ളി തഹസീല്‍ദാര്‍ കെ. ജി മോഹനന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി, ഓച്ചിറ, ചവറ, ക്ലാപ്പന, കുലശേഖരപുരം ഭാഗങ്ങളില്‍ പരിശോധന നടത്തി. 70 കേസുകള്‍ക്ക് താക്കീത് നല്കി. 10 കേസുകളില്‍ പിഴ ഈടാക്കി.
കുന്നത്തൂരിലെ പടിഞ്ഞാറേകല്ലട ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പ്രദേശങ്ങളില്‍ സ്ക്വാഡ് പരിശോധന നടത്തി. കോവിഡ് നിയമലംഘനം കണ്ടെത്തിയ മൂന്ന് കേസുകളില്‍ പിഴ ഈടാക്കി.
48 എണ്ണത്തിന് താക്കീത് നല്കി. തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കൊല്ലത്ത് തഹസീല്‍ദാര്‍ വിജയന്റെ നേതൃത്വത്തില്‍ അഞ്ചാലുംമൂട് നടത്തിയ പരിശോധനയില്‍ ഒരു കേസില്‍ പിഴ ഈടാക്കി.
എട്ട് കേസുകള്‍ക്ക് താക്കീത് നല്കി.പുനലൂർ, കരവാളൂര്‍, ഇടമണ്‍ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. തഹസീല്‍ദാര്‍ പി. വിനോദ് രാജ് നേതൃത്വം നല്കി.